
തിരുവനന്തപുരം: അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ഫെഡറേഷനായ ഫിബയുടെ അണ്ടർ-18 ഏഷ്യാ കപ്പ് 2026 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നാല് കായിക വിദഗ്ധർ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് 2026 ഓഗസ്റ്റ് 13 മുതൽ 23 വരെ അഹമ്മദാബാദിലുള്ള വീർ സവർക്കർ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
നിലവിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ സേവനമനുഷ്ഠിക്കുന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ചും എറണാകുളം സ്വദേശിയുമായ കെ. വിപിൻ ഇന്ത്യൻ നാഷണൽ അണ്ടർ-18 ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചു. ഇതിന് പുറമെ, ടൂർണമെന്റ് നിയന്ത്രിക്കുന്നതിനായി ഫിബയും ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരളത്തിൽ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. തൊടുപുഴ സ്വദേശിയും പണ്ടപ്പിള്ളി സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറും കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഡോ. പ്രിൻസ് കെ. മറ്റം (ഫിബ മാച്ച് കമ്മീഷണർ), കോഴിക്കോട് സ്വദേശിയും കോർട്ടിലെ ടേബിൾ ഡ്യൂട്ടികൾ നിയന്ത്രിക്കുന്ന ഫിബ സർട്ടിഫൈഡ് ടെക്നിക്കൽ ഒഫീഷ്യലുമായ അതുൽ കൃഷ്ണൻ, പത്തനംതിട്ട സ്വദേശിയും ടൂർണമെന്റ് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും കൈകാര്യം ചെയ്യുന്ന ഫിബ സർട്ടിഫൈഡ് ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിഷ്യനുമായ വിശാൽ രവി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേർ.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ചൈനീസ് തായ്‌പേയ്, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവരും, ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡ്, ലെബനൻ, ബഹ്റൈൻ, സിറിയ എന്നിവരും ഉൾപ്പെടുന്നു. ചൈന, ഇറാൻ, ഖത്തർ, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ആതിഥേയരായ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ കൊറിയ, ജപ്പാൻ, കസാക്കിസ്ഥാൻ എന്നീ ടീമുകളാണുള്ളത്. 2027-ലെ ഫിബ അണ്ടർ-19 ബാസ്കറ്റ്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കോർട്ടിലിറങ്ങുന്നത്. ഒരൊറ്റ അന്താരാഷ്ട്ര ടൂർണമെന്റിലേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നാല് വിദഗ്ധർ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ ബാസ്കറ്റ്ബോൾ മേഖലയുടെ ആഗോള നിലവാരത്തെയാണ് കാണിക്കുന്നതെന്ന് കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ വ്യക്തമാക്കി.
Content Highlights: K. Vipin appointed as head coach for the Indian U-18 basketball team., The 2026 FIBA U-18 Asia Cup will be held in Ahmedabad from August 13 to 23., Kerala representatives include Dr. Prince K. Mattam, Atul Krishnan, and Vishal Ravi as technical officials.
Published: 07 Aug 2026, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented