റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

To advertise here,

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-0, 7-6. ആദ്യ സെറ്റില്‍ സിറ്റ്‌സിപാസിന് ഒരു പോയന്റ് പോലും നല്‍കാതെ ജോക്കോവിച്ച് കൊടുങ്കാറ്റായി. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന സിറ്റ്‌സിപാസ് മത്സരം ടൈബ്രേക്കറിലേക്ക് എത്തിച്ചു. എന്നാല്‍ പരിചയസമ്പത്തിന്റെ മികവില്‍ ജോക്കോവിച്ച് സെറ്റ് നേടി കിരീടം സ്വന്തമാക്കി. 

34 കാരനായ ജോക്കോവിച്ചിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്. കോവിഡ് വാക്‌സിനെടുക്കാത്തതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളില്‍ വീണ ജോക്കോവിച്ചിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ജോക്കോവിച്ചിന്റെ കരിയറിലെ 1001-ാം വിജയമാണിത്. സെമിയില്‍ കാസ്‌പെര്‍ റൂഡിനെ തോല്‍പ്പിച്ചതോടെ കരിയറില്‍ 1000 വിജയങ്ങള്‍ എന്ന നേട്ടം ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.