റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് സെമി കാണാതെ പുറത്ത്. മഴ അലോസരപ്പെടുത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 20 കാരനായ ഹോള്‍ഗര്‍ റൂണാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. 

To advertise here,

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ തോല്‍വി. സ്‌കോര്‍: 6-2, 4-6, 6-2. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ജോക്കോവിച്ച് രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം സെറ്റില്‍ കാലിടറി. ആറുതവണ ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം നേടിയ താരമാണ് ജോക്കോവിച്ച്. 

കഴിഞ്ഞ നവംബറില്‍ നടന്ന പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിലും റൂണ്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഒരുമണിക്കൂറോളം മഴ വില്ലനായി വന്നു. ജോക്കോവിച്ചിനെ ടൂര്‍ണമെന്റിലുടനീളം പരിക്ക് അലട്ടിയിരുന്നു. താരത്തിന്റെ വലത്തേമുട്ടില്‍ പരിക്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുമുന്‍പ് 2013-ലാണ് ജോക്കോവിച്ച് ഇറ്റാലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായത്.