ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ചെസ് മത്സരങ്ങളില്‍ ആകെയുള്ള 14 കളികളില്‍ നാലു കളികള്‍വീതം എല്ലാ കളിക്കാരും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി 10 കളികള്‍ അവശേഷിക്കെ പുരുഷ-വനിത വിഭാഗങ്ങളില്‍ ആരാവും ജേതാക്കളെന്ന ചിത്രം തെളിഞ്ഞുവന്നിട്ടില്ല. ഓപ്പണ്‍ വിഭാഗത്തില്‍ മൂന്നുപോയിന്റോടെ ലീഡുചെയ്യുന്ന റഷ്യന്‍ താരം യാന്‍ നെപ്പോമ്നിഷി കഴിഞ്ഞ രണ്ടു കാന്‍ഡിഡേറ്റ്സും വിജയിച്ച് ലോകചാമ്പ്യന്‍ഷിപ്പ് ചാലഞ്ചറായി മത്സരിച്ച താരമാണ്. 2021 ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സനോട് ഏകപക്ഷീയമായ തോല്‍വി ഏറ്റുവാങ്ങിയ നെപ്പോ 2023-ല്‍ ഡിങ് ലിറനെതിരേ മുന്‍തൂക്കം നേടിയശേഷം കിരീടം കളഞ്ഞുകുളിച്ചു.

To advertise here,

രണ്ടുതവണ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കണമെന്ന വാശിയിലാണ് ചാലഞ്ചറാവാനുള്ള താരത്തിന്റെ പോരാട്ടം. പരിചയസമ്പന്നതയും നെപ്പോവിന് മുന്‍തൂക്കം നല്‍കുന്നു.

ലോക രണ്ടാംനമ്പര്‍ താരവും ഒന്നാംസീഡുമായ ഫാബിയോ കരുവാന (യു.എസ്.) 2.5 പോയിന്റുകളോടെ നെപ്പോക്ക് തൊട്ടുപിറകിലായി നിലയുറപ്പിച്ചിട്ടുണ്ട്. 2018-ലെ കാന്‍ഡിഡേറ്റ്സ് മത്സരം വിജയിച്ച കരുവാന ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സനെതിരേ കളിച്ച 12 കളികളിലും സമനിലനേടി. ടൈബ്രേക്കറിലാണ് കാള്‍സണ്‍ കരുവാനയെ മറികടന്നത്. നെപ്പോക്ക് കടുത്തവെല്ലുവിളിയായി ശേഷിക്കുന്ന റൗണ്ടുകളില്‍ കരുവാന നിലകൊള്ളുന്നു. ഇന്ത്യന്‍ കൗമാരപ്രതിഭ ദൊമ്മരാജു ഗുകേഷാണ് മത്സരത്തിലെ മൂന്നാമത്തെ അപരാജിതതാരം.

സര്‍ഗാത്മകതയും തീവ്രമായ (ചിലപ്പോള്‍ അതിരുകടക്കുന്ന) ഇച്ഛാശക്തിയും നിര്‍ഭയത്വവും ഗുകേഷിന്റെ കരുത്തുകളാണെങ്കില്‍ ഇടയ്ക്ക് പിണയുന്ന അപ്രതീക്ഷിത അബദ്ധനീക്കങ്ങളാണ് ഈ പ്രതിഭയുടെ ശത്രു. 10 റൗണ്ടുകള്‍ പിന്നിട്ടാലേ ഗുകേഷിന്റെ സാധ്യതകള്‍ എത്രത്തോളം എന്ന ചിത്രം വ്യക്തമാകൂ.

ഗുകേഷിനേക്കാള്‍ സ്ഥിരതപ്രകടിപ്പിക്കുന്ന പ്രഗ്‌നാനന്ദയ്ക്ക് രണ്ടുപോയിന്റുണ്ട്. കഴിഞ്ഞ രണ്ടുഗെയിമുകളില്‍ മികച്ച നിലവാരമാണ് കാഴ്ചവെച്ചത്. ശക്തനായ ഹിക്കാരു നക്കാമുറയും (യു.എസ്.) ഫ്രാന്‍സിന്റെ യുവതാരം അലിറെസ ഫിറോസും തങ്ങളുടെ ഔന്നത്യത്തിലേക്കെത്തിയിട്ടില്ല. വിദിത് ഗുജറാത്തി (ഇന്ത്യ,) നജത് അബസോവ് (അസര്‍ബൈജാന്‍) എന്നിവര്‍ക്കും സ്ഥിരതനിലനിര്‍ത്തിയാലേ മുന്നിലെത്താന്‍ സാധിക്കൂ.

വനിതാ കാന്‍ഡിഡേറ്റ്സില്‍ മൂന്നുപോയിന്റുമായി ഒറ്റയ്ക്ക് മുന്നേറുന്നത് ചൈനയുടെ താന്‍ ഷോംഗിയാണ്. റഷ്യയുടെ അലക്സാന്ദ്ര ഗൊര്യ ച്കീന 2.5 പോയിന്റോടെ തൊട്ടുപിറകിലുണ്ട്. വൈശാലി രമേശ് ബാബു (ഇന്ത്യ), കാതറീന ലഗ്നോ (റഷ്യ), നുര്‍ഗ്യൂള്‍ സലിമോവ (ബള്‍ഗേറിയ) എന്നവര്‍ക്ക് രണ്ടുപോയിന്റുണ്ട്. പരിചയസമ്പന്നരായ അന്നാ മുസീച്ചുക്ക് (യുക്രൈന്‍), കൊനേരു ഹംപി (ഇന്ത്യ), ലെയ് ടിങ്ജീ (ചൈന) എന്നിവര്‍ക്ക് 1.5 പോയിന്റ്വീതമേയുള്ളൂ.