കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിലെത്തപ്പെട്ട ഒരു ചെസ് ബോർഡാണ് ഇന്ന് 11 വയസ്സുള്ള ബോധന ശിവാനന്ദനെ ലോകമറിയാൻ ഇടയാക്കിയത്. കോവിഡ് സമയത്ത് ബോറടിക്കാതിരിക്കാൻ ഒരു കുടുംബസുഹൃത്ത് നൽകിയ കളിപ്പാട്ടങ്ങൾക്കും പുസ്തകങ്ങൾക്കുമൊപ്പം ലഭിച്ച ഈ ചെസ് ബോർഡ് ബോധനയുടെ ശ്രദ്ധ കവർന്നു. കരുക്കളെ കളിപ്പാട്ടങ്ങളാക്കാൻ ഒരുങ്ങിയ ആ അഞ്ചു വയസുകാരിയെ അച്ഛൻ തടഞ്ഞു. അതോടെ അതിലെ കരുക്കൾ എങ്ങനെ നീക്കണമെന്ന് അറിയാനുള്ള കൗതുകമായി യൂട്യൂബ് വീഡിയോകളിലൂടെ നിയമങ്ങൾ പഠിച്ചുതുടങ്ങിയ ആ കുട്ടി ആറുവർഷത്തിനിപ്പുറം ലോക ചെസിന്റെ റെക്കോഡ് പുസ്തകത്തിൽ സ്വന്തം പേര് പലതവണ എഴുതിച്ചേർത്തിരിക്കുകയാണ്.

To advertise here,

2026 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ബോർഡിൽ കളിച്ച ബോധന, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്മാസ്റ്റർ യോഗ്യത നേടുന്ന താരമായി മാറി. വെറും 11-ാം വയസിലാണ് ബോധനയുടെ ഈ നേട്ടം. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ പ്രധാന ബോർഡിൽ (ടോപ്പ് ബോർഡ്) 11 റൗണ്ടുകളിലും കളിച്ച ബോധന 8 പോയിന്റുകളോടെയാണ് മത്സരം പൂർത്തിയാക്കിയത്.

2015 മാർച്ച് ഏഴിന് ലണ്ടനിലാണ് ബോധന ജനിച്ചത്. മാതാപിതാക്കൾ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന് 2007-ൽ ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്. അച്ഛൻ ശിവാനന്ദൻ വേലായുധം ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്. ബോധന വളർന്നത് ലണ്ടനിലെ ഹാരോയിലാണ്. മാതാപിതാക്കൾ ഇരുവരും എൻജിനിയറിങ് ബിരുദധാരികളാണെങ്കിലും കുടുംബത്തിന് പ്രൊഫഷണൽ ചെസ് പശ്ചാത്തലമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ബോധനയുടെ ചെസ് യാത്രയുടെ തുടക്കം കൂടുതൽ കൗതുകകരമാണ്. എല്ലാം തുടങ്ങിയത് ഒരു പഴയ ചെസ് ബോർഡിൽ നിന്നായിരുന്നു. 2020-ലെ കോവിഡ് ലോക്ക്ഡൗൺ. ബോധനയ്ക്ക് അപ്പോൾ അഞ്ച് വയസാണ് പ്രായം. കുടുംബസുഹൃത്ത് ഉപേക്ഷിക്കാൻ ഒരുങ്ങിയ സാധനങ്ങൾക്കിടയിൽനിന്നാണ് ഒരു ചെസ് ബോർഡ് സെറ്റ് ബോധനയുടെ കൈകളിലെത്തുന്നത്. രസമുള്ള കരുക്കൾ കണ്ടപ്പോൾ ആ കുഞ്ഞിന് അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാനുള്ള കൗതുകമായി.

ചെസിന്റെ അടിസ്ഥാന നിയമങ്ങൾ മാത്രമായിരുന്നു അച്ഛൻ ശിവാനന്ദൻ വേലായുധത്തിന് അറിയാമായിരുന്നത്. എന്നാൽ മകളെ പഠിപ്പിക്കാൻ അദ്ദേഹം ഓൺലൈൻ വീഡിയോകളെയും ചെസ് പ്ലാറ്റ്‌ഫോമുകളെയും ആശ്രയിച്ചു. പക്ഷേ വളരെ വേഗം തന്നെ മകൾ അച്ഛനെക്കാൾ മികച്ച കളിക്കാരിയായി. 2021 ജൂലൈയിൽ ഹാരോ ചെസ് ക്ലബ്ബിലായിരുന്നു ആദ്യ ടൂർണമെന്റ്.

അവിടെ നിന്ന് അതിവേഗമായിരുന്നു കുഞ്ഞ് ബോധനയുടെ വളർച്ച. 2022-ലാണ് ബോധനയുടെ അസാധാരണ പ്രതിഭ ലോകശ്രദ്ധയിലേക്ക് എത്തുന്നത്. യൂറോപ്യൻ അണ്ടർ-8 റാപ്പിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങളിൽ വെള്ളി നേടിയ ബോധന, അതേ വർഷം റോഡ്‌സിൽ നടന്ന യൂറോപ്യൻ സ്‌കൂൾസ് ചാമ്പ്യൻഷിപ്പിൽ കളിച്ച 24 മത്സരങ്ങളും ജയിച്ചു. മൂന്ന് സ്വർണമെഡലുകളും സ്വന്തമാക്കി. ഒരു സമനില പോലും ഇല്ലാതെ ഒറ്റ മത്സരം പോലും തോൽക്കാതെ 24 മത്സരങ്ങൾ. 24 വിജയങ്ങൾ. ഏഴാം വയസിലായിരുന്നു ഈ അസാധാരണ നേട്ടമെന്ന് ഓർക്കണം.

2023-ൽ ബോധനയുടെ വളർച്ച മറ്റൊരു തലത്തിലേക്കെത്തി. യൂത്ത് തലത്തിലെ വിജയങ്ങൾക്കൊപ്പം മുതിർന്ന താരങ്ങളോടും മത്സരിക്കാൻ തുടങ്ങി. യൂറോപ്യൻ റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ്മാസ്റ്ററിനെതിരെ പരാജയപ്പെടാതെ മത്സരം പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. അതേ വർഷം യൂറോപ്യൻ ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ 555 താരങ്ങൾ പങ്കെടുത്ത ഓപ്പൺ ഫീൽഡിൽ 73-ാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരവും നേടി.

അങ്ങനെ വെറും ഒമ്പതാം വയസിൽ ബുദാപ്പെസ്റ്റിൽ നടന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിലേക്ക് ബോധന തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ചെസ് ഫെഡറേഷന്റെ കണക്കു പ്രകാരം ഒരു സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇതോടെ ബോധനയ്ക്ക് സ്വന്തമായി.

തുടർന്ന് 2025 ജൂലായിൽ ഫ്രാൻസിലെ ഡോൾ ട്രോഫിയിൽ ബോധന വീണ്ടും ചരിത്രമെഴുതി. ഒമ്പത് റൗണ്ടുകളിൽ 4.5 പോയന്റ് നേടി വുമൺ ഗ്രാൻഡ്മാസ്റ്റർ നോം (Woman Grandmaster norm) നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകുമ്പോൾ ബോധനയ്ക്ക് പ്രായം വെറും 10 വയസ്.

2025 ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിൽ ആ 10 വയസുകാരി വീണ്ടും ചെസ് ലോകത്തെ ഞെട്ടിച്ചു. പരിചയ സമ്പന്നനായ 60-കാരൻ ഗ്രാൻഡ്മാസ്റ്റർ പീറ്റർ വെൽസിനെ ബോധന വീഴ്ത്തി. ആ വിജയം മറ്റൊരു ചരിത്രനേട്ടവും സമ്മാനിച്ചു. വുമൺ ഇന്റർനാഷണൽ മാസ്റ്റർ പദവിക്കാവശ്യമായ അവസാന നോം. അങ്ങനെ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഇന്റർനാഷണൽ മാസ്റ്റർ താരമായും ബോധന മാറി.

2026-ന്റെ തുടക്കത്തോടെ ബോധനയുടെ റേറ്റിങ്ങിലും വലിയ കുതിപ്പുണ്ടായി. മാർച്ചിലെ മികച്ച പ്രകടനങ്ങളിലൂടെ 98 ഫിഡെ റേറ്റിങ് പോയന്റുകൾ നേടിയ ബോധനയുടെ റേറ്റിങ് 2366 ആയി ഉയർന്നു. 2026 ഏപ്രിലിൽ ഫിഡെയുടെ പട്ടികയിൽ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ള വനിതാ താരമായി 11 വയസുകാരി മാറി. ഇംഗ്ലണ്ടിലെ എല്ലാ പ്രായത്തിലുമുള്ള വനിതാ താരങ്ങളെയും മറികടന്നായിരുന്നു ആ നേട്ടം.

2026 ഓഗസ്റ്റിൽ കവെൻഡ്രിയിൽ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ കിരീടത്തിനായുള്ള പ്ലേ ഓഫിൽ തൃഷ കന്യമരാലയെ മറികടന്ന് ബോധന കിരീടമുയർത്തി. ഇതോടെ ബ്രിട്ടീഷ് വനിതാ ചാമ്പ്യനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ 11-കാരി മാറി.

പിന്നീട് ഇപ്പോഴിതാ ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിലെ ചരിത്രനേട്ടവും. ഇംഗ്ലണ്ടിനായി ഒന്നാം ബോർഡിലാണ് ഈ പതിനൊന്നുകാരി കളിച്ചത്. അതായത് ടീമിലെ ഏറ്റവും ശക്തയായ താരത്തിന് സാധാരണയായി നൽകുന്ന ഉത്തരവാദിത്വം. 11 റൗണ്ടുകളിൽനിന്ന് എട്ട് പോയന്റ് നേടിയ ബോധന മൂന്നാമത്തെയും അവസാനത്തെയും വുമൺ ഗ്രാൻഡ്മാസ്റ്റർ നോം പൂർത്തിയാക്കി. അതോടെ ലോക ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്മാസ്റ്റർ യോഗ്യത നേടുന്ന താരമായി ബോധന മാറി.

എന്നാൽ വുമൺ ഗ്രാൻഡ്മാസ്റ്റർ പദവിയിൽ ബോധനയുടെ യാത്ര അവസാനിക്കുന്നില്ല. ചെസിലെ ഉയർന്ന പദവികളായ ഇന്റർനാഷണൽ മാസ്റ്ററും ഗ്രാൻഡ്മാസ്റ്ററുമാണ് ഇനി മുന്നിലുള്ള ലക്ഷ്യങ്ങൾ. വളരെ ചെറിയ പ്രായത്തിൽത്തന്നെ ഗ്രാൻഡ്മാസ്റ്റർമാരെ തോൽപ്പിക്കുകയും ഉയർന്ന റേറ്റിങ്ങുള്ള താരങ്ങളോട് നിരന്തരം മത്സരിക്കുകയും ചെയ്യുന്ന ബോധനയുടെ വളർച്ച ലോക ചെസ് സമൂഹം അതുകൊണ്ടുതന്നെ ഏറെ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.

അഞ്ചാം വയസിൽ കരുക്കൾ എങ്ങനെ നീക്കണമെന്ന് യൂട്യൂബിലൂടെ പഠിച്ച കുട്ടി. ഏഴാം വയസിൽ 24 മത്സരങ്ങളിൽ 24 വിജയങ്ങൾ. ഒമ്പതാം വയസിൽ ഇംഗ്ലണ്ടിന്റെ സീനിയർ ടീമിൽ. പത്താം വയസിൽ ഗ്രാൻഡ്മാസ്റ്ററെ വീഴ്ത്തി. പതിനൊന്നാം വയസിൽ ബ്രിട്ടീഷ് വനിതാ ചാമ്പ്യൻ. അതേ വർഷം ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്മാസ്റ്റർ യോഗ്യതയും.

ബോധന ശിവാനന്ദന്റെ ചെസ് യാത്രയ്ക്ക് ഇപ്പോഴും ആറുവർഷത്തെ പഴക്കം മാത്രമേയുള്ളൂ. പക്ഷേ അതിനകം അവൾ തിരുത്തിയെഴുതിയത് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോഡുകളാണ്.

കോവിഡ് കാലത്ത് ബോറടി മാറ്റാൻ വീട്ടിലെത്തിയ ആ പഴയ ചെസ് ബോർഡ് ഇന്ന് ബോധനയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. അന്ന് കരുക്കളെ കളിപ്പാട്ടങ്ങളാക്കാൻ ശ്രമിച്ച അഞ്ചുവയസുകാരി ഇന്ന് അതേ കരുക്കൾകൊണ്ട് ലോക ചെസിൽ ചരിത്രം എഴുതുകയാണ്...