മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റി ഗ്രാൻപ്രീക്ക് മുന്നോടിയായി മെഴ്സിഡസ് ഡ്രൈവർ കിമി ആന്റോണെല്ലിക്ക് വൈറൽ പനി. ഇതോടെ വ്യാഴാഴ്ചത്തെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ പരിശീലന സെഷനുകളിൽ അദ്ദേഹം പങ്കാളിയാകുമെന്നാണ് കരുതുന്നതെന്നും മെഴ്സിഡസും എഫ്‌ഐഎയും വ്യക്തമാക്കി.

To advertise here,

ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന ചരിത്ര നേട്ടത്തിന് അരികിലാണ് 20-കാരനായ ആന്റോണെല്ലി. കഴിഞ്ഞ ആഴ്ച ഓസ്റ്റിനിൽ നടന്ന യുഎസ് ഗ്രാൻപ്രീയിലെ വിജയത്തിനു ശേഷമാണ് ആന്റോണെല്ലി മെക്‌സിക്കോയിലെത്തിയിരിക്കുന്നത്.

സീസണിൽ അഞ്ച് റേസുകൾ ബാക്കിനിൽക്കെ, ടീമംഗവും പ്രധാന എതിരാളിയുമായ ജോർജ്ജ് റസ്സലിനേക്കാൾ 123 പോയിന്റുകളുടെ മുൻതൂക്കം ആന്റോണെല്ലിക്കുണ്ട്. ഇനി ബാക്കിയുള്ള റേസുകളിൽ നിന്ന് പരമാവധി 125 പോയിന്റുകൾ മാത്രമാണ് ഒരു താരത്തിന് നേടാൻ സാധിക്കുക. ഞായറാഴ്ച ഓട്ടോഡ്രോമോ ഹെർമാനോസ് റോഡ്രിഗസ് ട്രാക്കിൽ നടക്കുന്ന റേസിൽ ഒമ്പതാം സ്ഥാനത്തോ അതിനു മുകളിലോ ഫിനിഷ് ചെയ്താൽ റസ്സൽ റേസ് വിജയിച്ചാലും ആന്റോണെല്ലിക്ക് കിരീടം ഉറപ്പിക്കാം.

കിരീടം സ്വന്തമാക്കിയാൽ, 2010-ൽ 23 വർഷവും 134 ദിവസവും പ്രായമുള്ളപ്പോൾ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോഡ് തകർത്ത് എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി ആന്റോണെല്ലി മാറും. കൂടാതെ, 1953-ൽ ആൽബെർട്ടോ അസ്‌കാരിക്ക് ശേഷം എഫ് വൺ ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാകും. 2025-ൽ മെഴ്സിഡസിലൂടെ എഫ് വണ്ണിൽ അരങ്ങേറ്റം കുറിച്ച ആന്റോണെല്ലിയുടെ രണ്ടാമത്തെ സീസണാണിത്. ഈ സീസണിൽ മാത്രം ഒൻപത് റേസുകളിലാണ് അദ്ദേഹം വിജയിച്ചത്.