മെൽബൺ: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണമുണ്ടാക്കിയ നടുക്കം ഇപ്പോഴും പലരേയും വിട്ടൊഴിഞ്ഞിട്ടില്ല. ക്രിക്കറ്റ് ലോകത്തെ താരങ്ങൾ സുശാന്തിന്റെ ആത്മഹത്യ അറിഞ്ഞ് തങ്ങളുടെ വിഷമം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സണും സുശാന്തില്ലാത്തതിന്റെ ശൂന്യതയെ കുറിച്ച് സംസാരിക്കുകയാണ്.

To advertise here,

ട്വിറ്ററിലാണ് വാട്സൺ സുശാന്തിനെ കുറിച്ച് എഴുതിയത്. ആ കുറിപ്പ് ഇങ്ങനെയാണ്. 'സുശാന്തിനെ കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവുന്നില്ല. എന്തൊരു ദുരന്ത വാർത്തയാണിത്. എം.എസ് ധോനി, ദ അൺടോൾസ് സ്റ്റോറി കണ്ടിരിക്കെ ഇടയ്ക്ക് നമ്മൾ വിസ്മരിച്ചുപോകും, അതു സുശാന്തോ അല്ലെങ്കിൽ എം.എസ്.ഡി തന്നെയോ എന്ന്. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു അത്. നിങ്ങളില്ലാത്ത ശൂന്യത വലിയ വിങ്ങലാണുണ്ടാക്കിയിരിക്കുന്നത്.'

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരം കൂടിയാണ് വാട്സൺ. നേരത്തെ വിരാട് കോലി, സച്ചിൻ തെണ്ടുൽക്കർ, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, യുവരാജ് സിങ്ങ് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ സുശാന്തിന്റെ മരണത്തിൽ പ്രതികരിച്ചിരുന്നു. ഓസീസ് താരം ഡേവിഡ് വാർണർ കോലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

content highlights: You Forgot If It Was Sushant Singh Rajput Or MS Dhoni Says Shane Watson