
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോനിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോനിയുടെ 39-ാം പിറന്നാൾ ദിനത്തിലാണ് ആകാശ് ചോപ്ര രസകരമായ അനുഭവം പങ്കുവെച്ചത്. സ്വർണ നിറമുള്ള മുടി നീട്ടിവളർത്തി, ബ്രാൻഡഡ് കണ്ണടയുംവെച്ച്, മുഖത്ത് ക്രീമും പുരട്ടി വരുന്ന അന്നത്തെ ധോനിയെ കണ്ടാൽ ഇതു ബോളിവുഡ് സിനിമയുടെ സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് ആരും പറഞ്ഞുപോകുമായിരുന്നെന്ന് ചോപ്ര വെളിപ്പെടുത്തുന്നു. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനിയുമായുള്ള കൂടിക്കാഴ്ച്ച ചോപ്ര ഓർത്തെടുത്തത്.
2004-ൽ സിംബാബ്വേയിലും കെനിയയിലും പര്യടനത്തിനുപോയ ഇന്ത്യ എ ടീമിൽ അംഗമായിരുന്നു ധോനിയും ആകാശ് ചോപ്രയും. ധോനി അന്ന് രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. എന്നാൽ ചോപ്ര ടെസ്റ്റ് ടീം ഓപ്പണറായിരുന്നു. ആ പരമ്പരയിൽ ചോപ്രയുടെ റൂം മേറ്റായിരുന്നു ധോനി.
'രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് കരിയറിൽ ഞാൻ ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്. ചിലർക്ക് കളിയിൽ മാത്രമായിരുന്നു ശ്രദ്ധ. മറ്റു ചിലർക്ക് പ്രശസ്തിയിലും. അവരിൽ ചിലർ വിജയിച്ചപ്പോൾ മറ്റു ചിലർ വഴിയിൽ വീണുപോയി. പക്ഷേ, ആ താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ധോനി. ആദ്യമായി കാണുമ്പോൾ നീളമുള്ള സ്വർണത്തലമുടി ആയിരുന്നു ധോനിക്ക്. വിലയേറിയ ബ്രാൻഡ് കണ്ണട മാത്രമേ ധരിക്കൂ. മുഖത്ത് ക്രീം പുരട്ടിയിരിക്കും. പരിചയമില്ലാത്ത ഒരാൾ അദ്ദേഹത്തെ കണ്ടാൽ ഇതു ബോളിവുഡ് സെറ്റല്ല, മാറിനിൽക്കൂ എന്ന് പറഞ്ഞുപോകും. പക്ഷേ അടുത്തുപരിചയപ്പെട്ടതോടെ എന്റെ എല്ലാ ധാരണയും തെറ്റാണെന്ന് മനസ്സിലായി.
2014-ലെ സിംബാബ്വെ-കെനിയ പര്യടനത്തിൽ എന്റെ റൂംമേറ്റായിരുന്നു ധോനി. എന്താണ് കഴിക്കാൻ വേണ്ടതെന്ന് ഞാൻ ചോദിക്കുമ്പോൾ ഇഷ്ടമുള്ളത് പറഞ്ഞോളൂ എന്നായിരിക്കും ധോനിയുടെ മറുപടി. എപ്പോഴാണ് ഉറങ്ങുന്നത് എന്നു ചോദിച്ചാൽ നിങ്ങൾ എപ്പോൾ ലൈറ്റ് ഓഫ് ചെയ്യുന്നുവോ അപ്പോൾ ഉറങ്ങുമെന്ന് മറുപടി പറയും. ലാളിത്യത്തിൽ നിന്നാണ് ഉയർച്ചയുടെ തുടക്കം എന്നുപറയുന്നത് ഇതാണ്.' യു ട്യൂബ് വീഡിയോയിൽ ആകാശ് ചോപ്ര വിവരിക്കുന്നു.
അന്ന് മുടിവെട്ടാൻ ധോനിയെ ഉപദേശിച്ച കാര്യവും ചോപ്ര ഓർത്തെടുക്കുന്നു. ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ആളുകൾ ഗൗരവത്തിലെടുക്കാൻ വേണ്ടിയായിരുന്നു ഈ ഉപദേശം. 'ഞാനെന്തായാലും മുടി വെട്ടുന്നില്ല. എന്റെ മുടി കണ്ട് ആളുകൾ മുടി വളർത്തട്ടെ' എന്നായിരുന്നു ധോനി ഇതിന് നൽകിയ മറുപടി.
Published: 07 Jul 2020, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented