മുംബൈ: ക്രിക്കറ്റാണ് തന്റെ ജീവിതമെന്നും അതുകൊണ്ടാണ് ഈ രോഗാവസ്ഥയിലും വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയതെന്നും ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വാംഖഡെ സ്റ്റേഡിയത്തിന്റെ സുവർണജൂബിലിയുടെ ഭാഗമായി മുംബൈയുടെ മുൻതാരങ്ങളെ ആദരിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. അസുഖംബാധിച്ച് കുറച്ചുദിവസംമുൻപ്‌ ആശുപത്രിയിലായിരുന്ന കാംബ്ലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്റ്റേഡിയത്തിലെത്തിയത്. സുനിൽ ഗാവസ്കർ, സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയവരും ചടങ്ങിനെത്തിയെങ്കിലും കോട്ടും കൂളിങ്‌ ഗ്ലാസുമണിഞ്ഞെത്തിയ കാംബ്ലിതന്നെയായിരുന്നു ചടങ്ങിലെ ആകർഷണം. കാണാനും സംസാരിക്കാനും സെൽഫിയെടുക്കാനുമായി ഒട്ടേറെയാളുകൾ അദ്ദേഹത്തിനടുത്തെത്തി. നിൽക്കാനും നടക്കാനും പ്രയാസമുള്ള അദ്ദേഹം കസേരയിൽ ഇരുന്നുകൊണ്ട് എല്ലാവരോടും സംസാരിച്ചു. അതിനിടെ ‘മാതൃഭൂമി’യുമായി വിശദമായി സംസാരിച്ചു.

To advertise here,

ആരോഗ്യപ്രശ്നത്തിനിടയിലും ഈ യാത്ര

പ്രശ്നമൊന്നും ഇല്ലെന്നേ... വാംഖഡെയുടെ അമ്പതാം വാർഷികമല്ലേ... ഞാൻ കളിച്ചുവളർന്ന മണ്ണല്ലേ... ഇവിടെ പരിപാടി നടക്കുമ്പോൾ എനിക്ക് മാറിനിൽക്കാൻ കഴിയുമോ..

എങ്ങനെയുണ്ട് ആരോഗ്യം

മുംബൈ തരുന്ന ഊർജംമാത്രം മതി രോഗം ഭേദമാകാൻ. ഇവിടുത്തെ ആഘോഷങ്ങളിലമർന്നാൽ പിന്നെ ഒന്നും പ്രശ്നമല്ല.

എന്താണ് അടുത്ത പരിപാടി

അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. മുംബൈക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണ്ടേ...

ക്രിക്കറ്റ് പരിശീലന പരിപാടികൾ

അതൊന്നും തീരുമാനിച്ചിട്ടില്ല.

കേരളത്തിൽ എപ്പോഴെങ്കിലും വന്നിട്ടുണ്ടോ

ഉണ്ട്. ഒരിക്കൽ കോഴിക്കോട്ട് വന്നിരുന്നു.

കളിക്കാനായിരുന്നോ...

അല്ലല്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല. കേരളം കാണാനെത്തിയതാണ്. കോഴിക്കോട്ടു വന്നു. കുറേ കറങ്ങി. തിരിച്ചുപോന്നു. വർഷങ്ങൾക്കുമുൻപാണ്. കേരളം മനോഹരമാണ് കേട്ടോ...