അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഓസീസ് താരം ട്രാവിസ് ഹെഡുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. 141 പന്തുകള്‍ നേരിട്ട് 140 റണ്‍സെടുത്ത ട്രാവിസ് ഹെഡ് പുറത്തായതിന് പിന്നാലെയാണ് സംഭവം. സിറാജിന്റെ പന്തില്‍ ഓസീസ് ബാറ്റര്‍ ബൗള്‍ഡാകുകയായിരുന്നു. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയശേഷമാണ് ഹെഡ് ഔട്ടായത്.
ഗ്രൗണ്ട് വിടുന്നതിനിടയില്‍ ഹെഡ് സിറാജിനോട് എന്തോ പറയുന്നതും സിറാജ് കയറിപ്പോകാന്‍ ആംഗ്യം കാണിക്കുന്നതും ഹെഡിനെ നോക്കിപ്പേടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ താന്‍ എന്താണ് സിറാജിനോട് സംസാരിച്ചതെന്ന് വെളിപ്പെടുത്തി ട്രാവിസ് ഹെഡ് രംഗത്തെത്തി. 'നന്നായി ബൗള്‍ ചെയ്തു എന്നാണ് ഞാന്‍ സിറാജിനോട് പറഞ്ഞത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അതില്‍ അല്‍പം നിരാശയുണ്ട്. അങ്ങനെയാണ് അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെത്തന്നെയാകട്ടെ.'-ഇതായിരുന്നു ഹെഡിന്റെ പ്രതികരണം. രണ്ടാം ദിവസത്തെ മത്സരശേഷം ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു ഹെഡ്.
എന്നാല്‍ ഹെഡിന്റെ ഈ പ്രതികരണത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. അത് ഓസ്‌ട്രേലിയയുടെ മാത്രം ഭാഗമാണെന്നും സിറാജിന്റെ
പ്രതികരണം അറിഞ്ഞശേഷമേ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുകയുള്ളൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. സ്ലെഡ്ജിങ്ങിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയക്കാര്‍ അത്ര മോശമല്ലെന്നും ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സിറാജിനെതിരേയാണ് ഇന്ത്യയുടെ മുന്‍ താരം ഗാവസ്‌ക്കര്‍ പ്രതികരിച്ചത്. സിറാജിന്റെ പ്രവര്‍ത്തി അനാവശ്യമായിരുന്നെന്നും സെഞ്ചുറി നേടിയ ഒരു കളിക്കാരന് അങ്ങനെയായിരുന്നില്ല യാത്രയയപ്പ് നല്‍കേണ്ടിയിരുന്നതെന്നും ഗാവസ്‌ക്കര്‍ പറഞ്ഞു. കൈയടിച്ചാണ് ഹെഡിനെ സിറാജ് യാത്രയാക്കിയിരുന്നതെങ്കില്‍ ഇന്ത്യന്‍ താരം ഹീറോ ആയി മാറിയേനെ എന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റിന്റെ ആദ്യ ദിവസം ഓസീസ് ബാറ്റര്‍ മാര്‍നസ് ലബൂഷെയ്‌നോടും സിറാജ് ദേഷ്യപ്പെട്ടിരുന്നു. ലബൂഷെയ്‌നുനേരെ സിറാജ് പന്ത് വലിച്ചെറിഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സിറാജ് റണ്‍അപ് പൂര്‍ത്തിയാക്കിയതിനുപിന്നാലെ ലബൂഷെയ്ന്‍ ബാറ്റിങ്ങില്‍നിന്ന് പിന്മാറിയതാണ് ഇന്ത്യന്‍ പേസറെ പ്രകോപിപ്പിച്ചത്.
സിറാജ് പന്തെറിയാന്‍ വരുന്നതിനിടെ സൈറ്റ് സ്‌ക്രീനിങ്ങിന് മുന്നിലൂടെ ഒരാള്‍ നടന്നുനീങ്ങിയതോടെയാണ് ലബൂഷെയ്ന്‍ പിന്മാറിയത്. തന്റെ കാഴ്ച്ചയേയും ഏകാഗ്രതയേയും ബാധിച്ചതിനാലാണ് താരം ക്രീസില്‍ നിന്ന് മാറിയത്. ഇത് വിശദീകരിക്കാന്‍ ഓസീസ് താരം ശ്രമിച്ചെങ്കിലും സിറാജ് ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു.
ഒന്നാമിന്നിങ്‌സില്‍ സിറാജ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്രാവിസ് ഹെഡിനെ കൂടാതെ അലക്‌സ് കാരിയേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും സ്‌കോട്ട് ബോളണ്ടിനേയും സിറാജ് പുറത്താക്കി.
Content Highlights: travis head on issue with mohammed siraj india vs australia second test
Published: 07 Dec 2024, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented