ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേത്രിയാണ് സുചിക തരിയാൽ. ഫൈനലിലെത്തേണ്ടിയിരുന്ന സുചിക നിർഭാഗ്യം കൊണ്ടാണ് വെങ്കല മെഡലിൽ ഒതുങ്ങിയത്. സിംഗപ്പൂർ താരത്തിനെതിരായ സെമി ഫൈനൽ സമനിലയിൽ ആയതോടെ സുചികയേക്കാൾ 700 ഗ്രാം ഭാരം കുറവുള്ള എതിരാളി ഫൈനലിലെത്തുകയായിരുന്നു.

To advertise here,

ഈ നിയമത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് സുചിക. വളരെ അസംബന്ധമായ നിയമമാണെന്നും സ്വർണം നേടാനുള്ള തന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്നും അവർ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞാൻ മത്സരം വ്യക്തമായി വിജയിക്കുകയായിരുന്നു. എന്നാൽ, അത് വളരെ വിചിത്രമായ രീതിയിൽ സമനിലയായി പ്രഖ്യാപിച്ചു. ഒരു റൗണ്ട് കൂടി നടത്തുന്നതിന് പകരം, അവർ ഈ വിചിത്രമായ ഭാര നിയമങ്ങൾ പ്രയോഗിച്ചു. ഇത് എനിക്ക് അർഹമായ സ്വർണമെഡൽ നഷ്ടപ്പെടുത്തുന്നതിന് തുല്യമായിരുന്നു.'-സുചിക വ്യക്തമാക്കി.

താൻ പ്രകടനം നടത്തിയ രീതി വെച്ച് സ്വർണ മെഡൽ തനിക്ക് ഉറപ്പുള്ളതായിരുന്നു എന്ന് സുചിക ആവർത്തിച്ചു. 'ഒരു മെഡൽ ലഭിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ കളിച്ച രീതി വെച്ച് നോക്കിയാൽ, ഞാൻ സ്വർണ മെഡൽ നേടുമെന്ന് തോന്നിയിരുന്നു. അവിടെ വരെ ഞാൻ എങ്ങനെ എത്തിച്ചേർന്നു എന്ന് എനിക്കറിയാം. ഞാൻ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അങ്ങനെ തോൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഒരു മിനിറ്റ് നീണ്ട റൗണ്ടിൽ പോലും ഞാൻ അവൾക്കുമേൽ ആധിപത്യം പുലർത്തുകയായിരുന്നു. അവൾ പിന്നോട്ട് ഓടുകയായിരുന്നു. ഫെഡറേഷൻ സിംഗപ്പൂരിൽ നിന്നുള്ളതാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു, അതുകൊണ്ട് തന്നെ അവർക്ക് അവളെ വിജയിപ്പിക്കേണ്ടി വന്നിട്ടുണ്ടാകാം.'-സുചിക ചൂണ്ടിക്കാട്ടി.

വെങ്കലം നേടിയതിൽ സംതൃപ്തിയുണ്ടെന്നും ഇനി ലോക ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പ് നടത്തുമെന്നും സുചിക കൂട്ടിച്ചേർത്തു.