ന്യൂഡൽഹി: കടുത്ത ആരോപണ, പ്രത്യാരോപണങ്ങൾക്കൊടുവിലാണ് ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റായ പി.ടി. ഉഷ പരാജയപ്പെട്ടത്. പുരുഷ വിഭാഗത്തിൽ നാലുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വനിതാ വിഭാഗത്തിലാണ് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

To advertise here,

ഒക്ടോബറിൽ ഐ.ഒ.എ. പ്രസിദ്ധീകരിച്ച 80 മുൻ കായികതാരങ്ങളടങ്ങിയ ഇലക്ടറൽ റോളിൽനിന്നായിരുന്നു തിരഞ്ഞെടുപ്പ്. ഡോള ബാനർജി തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഉഷ ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് പരാതി നൽകിയിരുന്നു. ഡോളയുടെ പേരിലുള്ള വാട്‌സാപ്പ് സന്ദേശത്തിൽ ‘ന്യൂഭാരത് പാനലി’ന് വോട്ട്െചയ്യാൻ അഭ്യർഥിച്ചതായാണ് പരാതി. ബാലറ്റിലെ സീരിയൽ നമ്പറും റോൾ നമ്പറും കാണിച്ചായിരുന്നു സന്ദേശം. തിരഞ്ഞെടുക്കപ്പെട്ട നാലു പേരും പാനലിൽ സൂചിപ്പിച്ചവരാണ്.

മറുപക്ഷത്ത്, കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹന സ്വർണമെഡൽ ജേതാവായ സതീഷ് ശ്രീവാസ്തവയും പരാതിയുമായി രംഗത്തെത്തി. വോട്ടർമാരെ സ്വാധീനിക്കാൻ ഒരു സ്ഥാനാർഥിയുടെ നേതൃത്വത്തിൽ സംഘടിത ശ്രമം നടക്കുന്നതായി ശ്രീവാസ്ത ഇലക്ടർ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു. നിലവിലെ പ്രസിഡന്റാണ് ഇതിന് പിന്നിലെന്നും ശ്രീവാസ്തവ ആരോപിച്ചു.

തോൽവിയോടെ വീണ്ടും ഐ.ഒ.എ. പ്രസിഡന്റാവാനുള്ള ഉഷയുടെ സാധ്യത അടയുകയാണ്. അത്‌ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് രണ്ടുപേരെ ജനറൽ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യാം. എന്നാൽ ഉഷയെ നോമിനേറ്റ് ചെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുരുഷ വിഭാഗത്തിൽ ഒളിമ്പിക് മെഡൽ ജേതാക്കളായ ഗഗൻ നാരങ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടെന്നീസ് താരം കമലേഷ് മേത്തയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കായികമേഖലയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാനുള്ള അവസരം – -അഞ്ജു ബോബി ജോർജ്

കായികതാരങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പായതിനാൽ അവരുടെ അംഗീകാരമായിട്ടാണ് തന്റെ വിജയത്തെ കാണുന്നത്. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ളവയിൽ ഒരു ടീമായി പ്രവർത്തിക്കും. കായികമേഖലയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാനുള്ള അവസരം കൂടിയായിട്ടാണ് വിജയത്തെ കാണുന്നത്.