ബെല്‍ഗ്രേഡ് (സെര്‍ബിയ): രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി സെര്‍ബിയന്‍ ടെന്നീസ് താരം ദേയാന റാഡനോവിച്ച്. ഇന്ത്യയിലെ ഭക്ഷണം, ഗതാഗതസൗകര്യം, വൃത്തി എന്നിവയിലുള്‍പ്പെടെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലാണ് ഇന്ത്യയില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയത്. 

To advertise here,

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നും ഭക്ഷണത്തില്‍ പുഴുവുണ്ടെന്നും ഹോട്ടലില്‍ അഴുക്കുപുരണ്ട തലയണയും വൃത്തിയില്ലാത്ത കിടക്കയുമാണെന്നുമുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ദേയാന നടത്തി. മൂന്ന് രാജ്യാന്തര ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യയിലെത്തിയ ദേയാന, രണ്ടാഴ്ചയോളം ഇവിടെ തങ്ങിയതിനിടെയുണ്ടായ അനുഭവങ്ങളാണ് പല തവണയായി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചത്. 

'ഇന്ത്യക്ക് എന്നന്നേക്കും വിട. നിങ്ങളെ ഇനിയൊരിക്കലും കാണാനിടയാകാതിരിക്കട്ടെ' എന്നാണ് ഒരു പോസ്റ്റില്‍ ദേയാന കുറിച്ചത്. ഇന്ത്യയിലെത്തി മൂന്നാഴ്ച നിന്ന് അനുഭവിച്ചവര്‍ക്ക് അത്  മനസ്സിലാകുമെന്ന് രണ്ടാമത്തെ പോസ്റ്റില്‍ വിശദീകരിച്ചു. മ്യൂണിച്ചിലെത്തിയതിനു പിന്നാലെയായിരുന്നു ഈ പോസ്റ്റിട്ടത്. ഗംഭീര ഡ്രൈവര്‍മാരാണ് ഇന്ത്യയിലുള്ളത്. ചില സമയത്തെ ട്രാഫിക് ആകര്‍ഷകമാണ്. നിങ്ങളുടെ ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് നിങ്ങള്‍ക്കറിയില്ല. ഗതാഗതക്കുരുക്കില്‍ എല്ലാവരും മത്സരിച്ച് ഹോണ്‍ മുഴക്കുമെന്നും മറ്റൊരു പോസ്റ്റില്‍ കുറിച്ചു. 

ഇതോടെ വംശീയത ആരോപിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. അതോടെ തന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെയല്ലെന്നും ഇന്ത്യ എന്ന രാജ്യത്തിനെതിരാണെന്നും അതിനെ വംശീയത എന്നു വിളിക്കാനാവില്ലെന്നും വിശദീകരിച്ച് വീണ്ടും സ്റ്റോറിയിട്ടു. 

തുടര്‍ന്ന് ഇന്ത്യയെന്ന രാജ്യം ഇഷ്ടപ്പെട്ടില്ലെന്നും ഭക്ഷണം, ഗതാഗതം, ശുചിത്വം തുടങ്ങിയവയെക്കുറിച്ചെല്ലാം പരാമര്‍ശിച്ചു. ഭക്ഷണത്തിലെ പുഴുക്കളെയും ഹോട്ടലിലെ മോശം കിടക്കകളെയും മഞ്ഞ നിറത്തിലായിത്തീര്‍ന്ന തലയണകളെയുമെല്ലാമുള്ള പരാമര്‍ശം നടത്തി. 'എന്റെ രാജ്യമായ സെര്‍ബിയയിലേക്ക് വന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ നിങ്ങളും ഇഷ്ടപ്പെടില്ല. അത് അര്‍ഥമാക്കുന്നത് വംശീയതയെന്നാണോ? അതിന് വംശീയതയുമായി എന്താണ് ബന്ധം? എനിക്ക് എല്ലാ രാജ്യങ്ങളിലും നിറങ്ങളിലുമുള്ള സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് അക്കാര്യങ്ങളിലേക്ക് കടക്കേണ്ട. ഇത് തികച്ചും അസംബന്ധമാണ്' - ദേയാന പ്രതികരിച്ചു.

ഇരുപത്തേഴുകാരിയായ ദേജാന, മൂന്ന് ഡബ്ല്യൂ50 മത്സരങ്ങള്‍ക്കായാണ് ഇന്ത്യയിലെത്തിയത്. പുണെ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍.