ടാക്‌സി കാറിൽ കയറി വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ട ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. യു.എസിലെ പെൻസിൽവാനിയയിലാണ് സംഭവം. ജെയിംസ് ബോഡ് എന്ന ടാക്‌സി ഡ്രൈവറാണ് തന്റെ വാഹനത്തിൽ കയറി വംശീയമായ പരാമർശം നടത്തിയ സ്ത്രീയെയും പുരുഷനെയും ഇറക്കിവിട്ടത്. ഇദ്ദേഹം തന്നെയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. 

To advertise here,

തന്റെ കാറിൽ കയറിയ യാത്രക്കാരിയായ ജാക്കി എന്ന സ്ത്രീയെ ബോഡ് അഭിവാദ്യം ചെയ്തു. പിന്നാലെയാണ് സന്തോഷത്തോടെ 'ഹായ്! തന്നെ കണ്ടാൽ ഒരു വെളുത്ത വർഗക്കാരനെ പോലെ ഉണ്ടല്ലോ' എന്ന് സ്ത്രീയുടെ ചോദ്യമെത്തിയത്. ചോദ്യത്തിൽ അമ്പരപ്പു പ്രകടിപ്പിച്ച ഡ്രൈവർ ആ പറഞ്ഞത് ശരിയല്ലെന്ന് മറുപടി നൽകി. സാഹചര്യം തണുപ്പിക്കാനെന്നപോലെ സ്ത്രീ ചിരിച്ചുകൊണ്ട് ഡ്രൈവറുടെ തോളിൽ തട്ടിയെങ്കിലും ബോഡ് തന്റെ വിയോജിപ്പും ദേഷ്യവും കൃത്യമായി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 

താനൊരു വെളുത്തവർഗക്കാരൻ അല്ലായിരുന്നെങ്കിൽ എന്തായിരുന്നു വ്യത്യാസം എന്നുചോദിച്ച് യാത്രക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു ജെയിംസ് ബോഡ്. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പോലീസിൽ പരാതിപ്പെടുമെന്നും ഡ്രൈവർ പറയുന്നുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ബോഡിനെ പിന്തുണച്ചും അഭിനന്ദിച്ചും എത്തിയത്.