ദിൽജിത് ദൊസാഞ്ജ് പ്രധാനവേഷത്തിലെത്തിയ സത്‌ലജ് റിലീസ് ചെയ്തു രണ്ടുദിവസത്തിനുള്ളിൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സീ 5-ൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു. ചിത്രം പിൻവലിച്ചതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്രവാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ആവശ്യമായ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ റിലീസ് നടത്തിയതെന്നും അതുകൊണ്ടാണ് പിൻവലിച്ചതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

To advertise here,

സത്‌ലജിന് തിയേറ്റർ റിലീസിനുള്ള സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാതാക്കൾ ചിത്രം പേരുമാറ്റി ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഇത് 2021-ലെ ഐ.ടി. നിയമത്തിന് വിരുദ്ധമാണെന്നുമാണ് മന്ത്രാലയം പറയുന്നത്.

ഗല്ലുഘര എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം പിന്നീട് പഞ്ചാബ് 95 എന്ന് പേരുമാറ്റി. 2022-ൽ സെൻസർ ബോർഡിന് സമർപ്പിച്ചപ്പോൾ 27 രംഗങ്ങൾ വെട്ടിമാറ്റാൻ ബോർഡ് നിർദേശിച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചു. കോടതി നിർദേശം അനുസരിച്ചു രൂപവത്കരിച്ച റിവിഷൻ കമ്മിറ്റി 120 കട്ടുകൾ നിർദേശിച്ചു.

നാലുവർഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ മാറ്റങ്ങളില്ലാതെ ചിത്രം സീ 5-ൽ റിലീസ് ചെയ്തു. പിന്നാലെയാണ് കേന്ദ്രം ചിത്രം പിൻവലിക്കാൻ നിർദേശിച്ചത്.

90-കളിൽ പഞ്ചാബിൽ നടന്ന വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശപ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയെക്കുറിച്ചാണ് ചിത്രം. ഹണി ടെഹ്‌റാൻ സംവിധായകനായ ചിത്രത്തിൽ ജസ്വന്ത് സിങ്ങായി അഭിനയിച്ചിരിക്കുന്നത് ദിൽജിത് ദൊസാഞ്ജ് ആണ്. ചിത്രം പിൻവലിക്കപ്പെട്ടെങ്കിലും പ്രേക്ഷകർ ഇതിനോടകം സിനിമ കണ്ടുകഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദിൽജിത് പറഞ്ഞു.