ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ എംഎസ് ധോനി ഹുക്ക വലിക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി  ഇംഗ്ലീഷ് താരം സാം ബില്ലിങ്‌സ്. ഹുക്ക നോക്കാനായി പ്രത്യേക ജോലിക്കാരനെ തന്നെ ധോനി നിയമിച്ചിരുന്നുവെന്നും ബില്ലിങ്‌സ് ഒരു പോഡ്കാസ്റ്റ് ഷോയിൽ വ്യക്തമാക്കി. 2018-19 കാലഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഡ്രസ്സിങ് റൂമിൽ നിന്നുള്ള ഓർമകൾ പങ്കുവെയ്ക്കുന്നതിനിടയിലാണ് ബില്ലിങ്‌സ് ഇക്കാര്യം പറഞ്ഞത്.

To advertise here,

'ഒരു കൂൾ വ്യക്തിയാണ് ധോനി. ഹോട്ടൽ റൂം വരെ തുറന്നിടും. അദ്ദേഹത്തിന്റെ ഹുക്ക ശ്രദ്ധിക്കാൻ ഒരു ജോലിക്കാരൻ തന്നെയുണ്ടായിരുന്നു. അതു മാത്രമായിരുന്നു അയാളുടെ ജോലി.' ബില്ലിങ്‌സ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും മനോജ് തിവാരിയും ധോനിയുടെ ഹുക്ക വലിക്കുന്ന ശീലത്തെ കുറിച്ച് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ധോനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ആരാധകനാണെന്നും യുണൈറ്റഡിന്റെ മത്സരങ്ങൾ ഇരുവരും ഒരുമിച്ചിരുന്ന് കാണാറുണ്ടെന്നും ബില്ലിങ്‌സ് കൂട്ടിച്ചേർത്തു. 'എത്ര താരപരിവേഷം ഉണ്ടെങ്കിലും അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് നോക്കൂ. അദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആണ്. തീർച്ചയായും, എന്നെപ്പോലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകനാണ്. ഞങ്ങൾ ഒരുമിച്ച് കുറച്ച് ഗെയിമുകൾ കണ്ടിട്ടുണ്ട്. ആളുകൾ തിരിച്ചറിയുമെന്നതിനാൽ അദ്ദേഹത്തിന് ഹോട്ടൽ വിട്ട് പുറത്തുപോകാനോ താഴത്തെ ബാറിലേക്ക് പോകാനോ കഴിയില്ല'-ബില്ലിങ്‌സ് പറഞ്ഞു.