തിരുവനന്തപുരം: നടത്തത്തിൽ റിയാസ് സാർ ഹാപ്പിയാണ്. കാരണം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ റിയാസ് പരിശീലിപ്പിച്ച കുട്ടികളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. നിരഞ്ജന ഒന്നാം സ്ഥാനത്തും ശിഖ രണ്ടാം സ്ഥാനത്തുമെത്തി. മലപ്പുറം കെഎച്ച്എം എച്ച്എസ്എസ് ആലത്തിയൂർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. റിയാസിന്റെ ഒപ്പം ചേർന്നതുമുതലാണ് ഇവരുടെ കരിയർ മാറുന്നത്.

To advertise here,

''മെഡലുകൾ പ്രതീക്ഷിച്ചിരുന്നതായും നേട്ടത്തിൽ അതീവ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു. രാവിലെയും വൈകിട്ടും ആണ് പരിശീലനം നടത്തിയത്. ഗ്രൗണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ശിഖ പരിശീലനം ആരംഭിച്ചിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. എന്നിട്ടും അവൾക്ക് വെള്ളി നേടാനായി.'' - റിയാസ് പറഞ്ഞു.

16 കുട്ടികൾ റിയാസിന് ഒപ്പം കായികമേളയിൽ എത്തിയിട്ടുണ്ട്. നല്ല മെഡൽ പ്രതീക്ഷയുണ്ട് എന്നും റിയാസ് വി.എസ് പറഞ്ഞു. 3000 മീറ്റർ നടത്തത്തിൽ ഇതാദ്യമായല്ല നിരഞ്ജന സ്വർണം സ്വന്തമാക്കുന്നത്. കഴിഞ്ഞതവണയും സ്വർണം നേടിയിട്ടുണ്ട്. മൂന്നുവർഷമായി തുടങ്ങിയ പരിശീലനത്തിൽ ആദ്യം വെള്ളിമെഡലോടെയായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് മെഡലുകളുടെ പ്രവാഹമായിരുന്നു. ട്രിപ്പിൾ ജമ്പിലും ഓട്ടമത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് റിയാസാണ് നടത്തത്തിലേക്ക് വഴി തിരിച്ചുവിടുന്നത്. പ്രസീത്- ശ്രിജിത ദമ്പതികളുടെ മകളാണ് നിരഞ്ജന.

ശിഖയാകട്ടെ പരിശീലനം ആരംഭിച്ചു രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. ആദ്യം ഹൈ ജമ്പിലാണ് ശിഖ പങ്കെടുത്തത്. പിന്നീട് റിയാസ് നടത്തത്തിലേക്ക് മാറ്റി. അങ്ങനെയാണ് ശിഖയുടെ കരിയർ വഴിമാറുന്നത്. റിയാസിന്റെ കീഴിലാണ് പരിശീലനം മുഴുവൻ. കൂലിപ്പണിക്കാരനായ ശ്രീനിവാസന്റെയും വീട്ടമ്മയായ രജി മോളുടെയും മകളാണ് ശിഖ. വീട്ടിൽനിന്ന് നല്ല പിന്തുണ ലഭിച്ചു. മെഡൽ വാങ്ങി വരണമെന്നാണ് മത്സരത്തിനു മുമ്പ് പറഞ്ഞത്. വീട്ടിൽ മത്സരഫലം പറഞ്ഞപ്പോൾ അതീവ സന്തോഷത്തിലായിരുന്നു ഇരുവരും എന്നും ശിഖ പറഞ്ഞു.