ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ ഈയിടെ നടന്ന പ്രക്ഷോഭത്തിനിടെ തയ്യല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഷാക്കിബുള്‍പ്പെടെ 147-ഓളം പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ 28-ാം പ്രതിയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. 

To advertise here,

രാജ്യത്ത് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഓഗസ്റ്റ് 7 ന് തയ്യല്‍ തൊഴിലാളിയായ മുഹമ്മദ് റുബല്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പിതാവ് റഫീഖുള്‍ ഇസ്ലാം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് റുബല്‍ കൊല്ലപ്പെടുന്നത്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം. ഈ കേസിലാണ് ബംഗ്ലാദേശ് താരമുള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രക്ഷോഭം നടക്കുന്ന സമയത്ത് ഷാക്കിബ് രാജ്യത്തുണ്ടായിരുന്നില്ല. ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനായി താരം കാനഡയിലായിരുന്നു. 

അതേസമയം രാജ്യത്ത് ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണികള്‍ നടക്കുകയാണ്. ബുധനാഴ്ച മുന്‍ ക്രിക്കറ്റ് താരം ഫാറുഖ് അഹമ്മദ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റു. ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി ചുമതലയേറ്റത്. ഹസീനയുടെ ഭരണത്തില്‍ കായികമന്ത്രിയായി ചുമതലവഹിച്ചിട്ടുള്ളയാളാണ് നസ്മുള്‍.