EXPLAINED | വിലക്കയറ്റം, ഊര്‍ജ പ്രതിസന്ധി; വളർച്ചയിലേക്ക് കുതിച്ച ബംഗ്ലാദേശിന് എന്തുപറ്റി?
പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ച രാജ്യം, ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന്, ആളോഹരി വരുമാനത്തിൽ വലിയ കുതിപ്പ്, ദക്ഷിണേഷ്യയുലെ ഏറ്റവും മികച്ച സമ്പദ് ഘടന. അക്ഷരാർഥത്തിൽ വളർച്ചയുടെ വഴിയിലായിരുന്നു ബംഗ്ലാദേശ്. എന്നാലിന്ന് സ്ഥിതി മാറി. ബംഗ്ലാദേശിനിത് അത്ര നല്ല കാലമല്ല. 15 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന ഷെയ്ഖ് ഹസീന വിദ്യാർഥി പ്രക്ഷോഭത്തിലൂടെ പുറത്തായതിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാരിന് തൊട്ടതെല്ലാം പിഴച്ചു. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ നട്ടംതിരിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. രാജ്യത്തെ ഇരുട്ടിലാക്കിക്കൊണ്ട് കുടിശ്ശികയുടെ പേരിൽ അദാനി വൈദ്യുതി വിച്ഛേദിച്ചു.
ആഭ്യന്തര സംഘർഷങ്ങളാണ് അടുത്തകാലത്ത് ബംഗ്ലാദേശിനെ വാർത്തകളിൽ നിറച്ചത്. സംവരണവിഷയത്തിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം സർക്കാർ വിരുദ്ധകലാപമായി വളർന്നു. സംഘർഷത്തിൽ രാജ്യം ആളിക്കത്തിയതോടെ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി പദവി ഉപേക്ഷിച്ച് രാജ്യം വിടേണ്ടി വന്നു. പിന്നാലെ അധികാരത്തിലെത്തിയ കാവൽ ഭരണകൂടത്തിന് കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ആഭ്യന്തര കലാപത്തിന് ശേഷം വലിയ പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തിന് വലിയ ഊര്‍ജ പ്രതിസന്ധിയും നേരിടേണ്ടി വന്നത്.
ബംഗ്ലാദേശിനെ കാത്തിരിക്കുന്ന പ്രതിസന്ധികൾക്ക് ആക്കംകൂട്ടുന്നത് ഒരു ഇന്ത്യൻ കമ്പനിയാണ് എന്നതാണ് ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. ഇന്ത്യൻ സർക്കാറിന്റെ പിന്തുണ ഒളിഞ്ഞും തെളിഞ്ഞും ആസ്വദിക്കുന്ന ആദാനി ഗ്രൂപ്പിന്റെ അദാനി പവർ. കുടിശ്ശികയെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്നത് നിർത്താൻ അവർ തീരുമാനിച്ചതാണ് ആ രാജ്യത്തെ ഇരുട്ടിലാക്കിയത്.
അദാനി ഗ്രൂപ്പിന്റെ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അദാനി പവര്‍. ഇതിന്റെ ഭാഗമായ അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിന് വൈദ്യുതി നല്‍കുന്നത്. 2015-ലാണ് അദാനി പവറും ബംഗ്ലാദേശും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത്. ഷെയ്ഖ് ഹസീന സര്‍ക്കാരിന് കീഴില്‍ ഒപ്പുവെച്ച നിരവധി കരാറുകളില്‍ ഒന്നയിരുന്നു ഇത്. എന്നാല്‍ നിലവിലെ ഇടക്കാല സര്‍ക്കാര്‍ ഇത് പുനപരിശോധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അദാനിയുമായുള്ള ഇടപാട് ഉള്‍പ്പെടെ 11 മുന്‍ ഇടപാടുകള്‍ ഒരു ദേശീയ സമിതി പുനര്‍മൂല്യനിര്‍ണയം നടത്തുകയാണ്. ഇവ പലതും സുതാര്യമല്ലെന്നും ചെലവേറിയതാണെന്നുമാണ് വിമര്‍ശനം.
അദാനി പവറിന് പുറമെ, എന്‍ടിപിസി ലിമിറ്റഡ്, പിടിസി ഇന്ത്യ ലിമിറ്റഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നുണ്ട്. മറ്റ് ഇന്ത്യന്‍ പവര്‍ സപ്ലയര്‍മാര്‍ക്കും ബംഗ്ലാദേശ് കുടിശ്ശിക ഇനത്തില്‍ പണം നല്‍കാനുണ്ട്. ഇതിനിടയിലാണ് അദാനി പവർ പക്ഷേ കുടിശ്ശിക തീർക്കണം എന്ന് കട്ടായം പറഞ്ഞത്.
ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് 7,120 കോടിയോളമാണ് അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡിന് നല്‍കാനുണ്ടായിരുന്നത്. കുടിശ്ശിക നികത്താന്‍ പലതവണ കമ്പനി ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതിന് തയ്യാറായില്ല. ഇതോടെയാണ് വൈദ്യുതി വിതരണം താത്കാലികമായി നിർത്തുന്നതിലേക്ക് അദാനി പവര്‍ ഝാര്‍ഖണ്ഡ് ലിമിറ്റഡ് എത്തിയത്.
താരതമ്യേന കുറഞ്ഞ നിരക്കിലാണ് അദാനി പവര്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കിയിരുന്നത്. ഇടയ്ക്ക് ബംഗ്ലാദേശിന് നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് അദാനി ഉയര്‍ത്തിയിരുന്നു. ആഴ്ചയില്‍ 2.2 കോടി ഡോളറായാണ് വര്‍ധിച്ചത്.
ഝാര്‍ഖണ്ഡിലെ ഗോഡ്ഡ പ്ലാൻ്റിൽ നിന്നാണ് അദാനി പവർ ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നത്. 1600 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഗോഡ്ഡ പ്ലാൻ്റിൽ നിന്ന് ബംഗ്ലാദേശിന് നൽകിയിരുന്നത്. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കൽക്കരി ഇറക്കുമതി ചെയ്യുന്നതിൽ വെല്ലുവിളികൾ നേരിടുന്നതിനാൽ കുടിശ്ശിക തീർക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് വിഷയത്തിൽ കമ്പനിയുടെ നിലപാട്. കുടിശ്ശിക തീര്‍ക്കാതെ വൈദ്യുതിയില്ല എന്ന് കമ്പനി കട്ടായം പറഞ്ഞതോടെയാണ് ഇത് തീർക്കാൻ ബംഗ്ലാദേശ് വഴി തേടിയത്.
ബംഗ്ലാദേശിന്റെ നിലവിലെ ഊർജ പ്രതിസന്ധികൾ പക്ഷേ ആഭ്യന്തരകലാപത്തിന്റെ മാത്രം ഫലമെന്ന് തീർത്ത് പറയാൻ സാധിക്കില്ല. രാജ്യം അനുഭവിക്കുന്ന ഊർജ്ജ പ്രശ്നത്തിന്റെ വേരുകൾക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഊര്‍ജാവശ്യങ്ങള്‍ക്കായി സമയാസമയത്ത് പദ്ധതികൾ ആവിഷ്കരിക്കുകയും നിക്ഷേപങ്ങള്‍ നടത്താതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അവർ അനുഭവിക്കുന്നത്. ആഭ്യന്തര കലാപവും തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും അവരുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചു. ഇതോടെ പക്ഷേ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി.
താരതമ്യേന കുറഞ്ഞ നിരക്കിലാണ് അദാനി പവര്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കിയിരുന്നത്. ഇടയ്ക്ക് ബംഗ്ലാദേശിന് നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് അദാനി ഉയര്‍ത്തിയിരുന്നു. ആഴ്ചയില്‍ 2.2 കോടി ഡോളറായാണ് വര്‍ധിച്ചത്. കല്‍ക്കരി വിലയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ വൈദ്യുതി കുടിശ്ശിക കൂടി. ഒക്ടോബര്‍ അവസാനം കുടിശ്ശിക തീര്‍ക്കാന്‍ കത്ത് നല്‍കിയിട്ടും സർക്കാർ അനങ്ങാതിരുന്നതോടെയാണ് വൈദ്യുതി വിതരണം നിര്‍ത്തിവെക്കാന്‍ അദാനി പവര്‍ തീരുമാനിച്ചത്. പക്ഷേ, പൂര്‍ണമായും വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല.
ആഭ്യന്തര പ്രതിസന്ധികളെത്തുടർന്ന് തകർന്നടിഞ്ഞ രാജ്യത്തിന്റെ വ്യവസായ മേഖല തിരിച്ചുവരവിനായി കഠിനമായി പ്രയത്‌നിക്കുന്ന സമയമാണിത്. അപ്പോഴാണ് ഏറ്റവും അത്യാവശ്യമായ വൈദ്യുതി രാജ്യത്തിന് പ്രതിസന്ധിയാകുന്നത്. വൈദ്യുതി വിതരണത്തിലെ കുറവ് നികത്താന്‍ ബംഗ്ലാദേശ് വാതകം ഉപയോഗിച്ചുള്ളതും എണ്ണയില്‍ പ്രവര്‍ത്തിക്കുന്നതുമായ ചില വൈദ്യുത നിലയങ്ങള്‍ പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഇത് വൈദ്യുതി ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തണുപ്പ് കാലം ആരംഭിക്കുന്നതോടെ എയര്‍ കണ്ടീഷണര്‍ ഉപയോഗം കുറയുമെന്നും വൈദ്യുതി ആവശ്യകത കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
വൈദ്യുതിയുടെ കുറവ് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉത്പാദനത്തെ ഉലച്ചു. പല മേഖലകളിലും വൈദ്യുതി നിയന്ത്രണം വന്നു. പ്രതിസന്ധി ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിന് പുറമേനിന്നുള്ള സഹായം അത്യാവശ്യമായി വരും. വിദേശനാണ്യ ശേഖരത്തിലെ കുറവാണ് ബംഗ്ലാദേശിനെ ഇപ്പോൾ അലട്ടുന്നത്. ആഭ്യന്തര പ്രതിസന്ധിക്ക് ശേഷം വലിയ വിലക്കയറ്റത്തിനാണ് ബംഗ്ലാദേശിൽ എല്ലാത്തിനും തീപിടിച്ച വിലയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൈയിലുള്ള വിദേശനാണ്യ ശേഖരം തന്നെയാണ് ഇടക്കാല സര്‍ക്കാര്‍ ഉപയോഗിക്കുന്നതും. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റേയും ഇറക്കുമതിക്ക് ഡോളര്‍ വേണം. അതാണെങ്കില്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
ആഭ്യന്തര കലാപത്തിന് മുമ്പ് മുമ്പ് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയായി വളർന്നുവന്ന രാജ്യമായിരുന്നു ബംഗ്ലാദേശ്. ഹസീന സർക്കാരിന്റെ ദീർഘവീക്ഷണം തന്നെയായിരുന്നു അതിന്റെ ചാലകശക്തി. വസ്ത്ര കയറ്റുമതിയിലൂടെ രാജ്യത്തേക്ക് ഒഴുകിയ വിദേശനാണ്യമായിരുന്നു പ്രധാനം. ആഭ്യന്തരപ്രതിസന്ധിക്ക് പിന്നാലെ വസ്ത്ര കയറ്റുമതി വ്യവസായം വലിയ തോതില്‍ ഉലഞ്ഞു. തകര്‍ച്ചയില്‍ നിന്ന് തിരികെ കയറാന്‍ കഠിനമായി പരിശ്രമിക്കുന്നതിനിടെ ആണ് വൈദ്യുതി പ്രതിസന്ധി വന്നത്. നിര്‍മാണമേഖലയും വസ്ത്രമേഖലയും വൈദ്യുതിയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഇതില്‍ തടസം നേരിടുന്നത് ഉത്പാദനത്തിനെയും കയറ്റുമതി ഓര്‍ഡറുകളെയും ബാധിക്കുമെന്ന ആശങ്ക രാജ്യത്തിനുണ്ട്.
പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കുന്ന മുഹമ്മദ് യൂനിസിന്റെ ഇടക്കാല സര്‍ക്കാരിന് പ്രതിസന്ധികളുടെ പെരുമഴയെ ആണ് നേരിടേണ്ടി വരുന്നത്. ഇന്ത്യയോട് എല്ലാക്കാലത്തും ഷെയ്ക്ക് ഹസീന ഭരണകൂടം കൂറ് പുലർത്തിയിരുന്നു. ഇന്ത്യാവിരുദ്ധ പ്രതിപക്ഷ കക്ഷികളുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണയോടെയാണ് ആഭ്യന്തര കലാപം നടന്നത്. ഇന്ത്യാവിരുദ്ധതയാണ് ഇടക്കാല സർക്കാറിന്റെ മുഖമുദ്ര. പക്ഷേ, ഇന്ത്യാവിരുദ്ധത പറയുമ്പോഴും അവർക്ക് അദാനിയെ സമാധാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടേണ്ടി വരും. ഇന്ത്യയെ പിണക്കുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടിവരും. ഇതെല്ലാം നിലവിൽ ഇടക്കാല സര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളികളാണ്.
പ്രതിസന്ധി മറികടക്കാന്‍ വിദേശ ബാങ്കുകളെ ആശ്രയിക്കുക എന്നതാണ് ബംഗ്ലാദേശിന് മുന്നിലുള്ള വഴി. ഇന്ത്യയോടുള്ള അടുപ്പം തുടർന്നിരുന്നു എങ്കിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് വലിയ സഹായങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ അതിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിൽ ശ്രീലങ്ക അവർക്ക് മുന്നിലുള്ള ഉദാഹരണമാണ്. പക്ഷേ, അത്തരമൊരു സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഇന്ത്യയുമായി നീക്കുപോക്കുകള്‍ക്ക് തയ്യാറാകാന്‍ ബംഗ്ലാദേശ് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം. ഒപ്പം അവർ ചൈനയുമായി കൂടുതൽ അടുക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തിലെ മഞ്ഞുരുക്കാന്‍ വൈദ്യുതി പ്രതിസന്ധി ഒരു നിമിത്തമാകുമോയെന്ന് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
Camera | Arun Nilambur, Edit | Sujeesh M
In Short | Bangladesh, once a booming economy, now faces an energy and economic crisis. Sheikh Hasina's government fell after protests, leaving an interim government grappling with inflation and instability. Adani Power cut electricity over unpaid dues, worsening the energy shortage. With strained India relations and low foreign reserves, Bangladesh may seek support from China, adding regional diplomatic tension.
Content Highlights: Bangladesh Power Crisis, Adani Cuts Off Electricity Over Payment Dispute
Published: 11 Nov 2024, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented