ഷില്ലോങ്: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കയാക്കിങ് ഇവന്റായ 'മേഘ കയാക്ക് ഫെസ്റ്റിവല്‍ 2022'ന് ഒരുങ്ങി  മേഘാലയ. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഗ്ലോബല്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഇവന്റിന് ഒക്ടോബര്‍ 13-ന് ഉംതാം വില്ലേജിലെ ഉംട്രൂ നദിയില്‍ തുടക്കമാകും. 20 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം പേര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

To advertise here,

പ്രൊഫഷണലുകള്‍ക്കും ഇന്റര്‍മീഡിയറ്റ്/അമേച്വര്‍ റേസര്‍മാര്‍ക്കുമായി ഡൗണ്‍റിവര്‍ ടൈം ട്രയല്‍, എക്സ്ട്രീം സ്ലാലോം, ഡൗണ്‍റിവര്‍ ഫ്രീസ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് മത്സര വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

ബെത്ത് മോര്‍ഗന്‍, നൂറിയ ന്യൂമാന്‍, സോഫിയ റെനിസോ, ജിയോവാനി ഡി ജെന്നാരോ, ആന്‍ഡി ബ്രണ്ണര്‍ തുടങ്ങിയ  പ്രമുഖ കയാക്കിങ് താരങ്ങളടക്കം നിരവധി അന്താരാഷ്ട്ര കയാക്കിങ് അത്‌ലറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ ഉത്തരാഖണ്ഡ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള പെഡലര്‍മാരായ അമിത് മഗര്‍, ആഷു റാവത്ത്, ആനി മത്തിയാസ്, നിസ്ഫുല്‍ ജോസ്, മനീഷ് റാവത്ത്, പിങ്കി റാണ, നൈന അധികാരി തുടങ്ങിയവരും മത്സരത്തിനുണ്ട്.

ലോകത്തെ  മികച്ച വൈറ്റ്-വാട്ടര്‍ സ്‌പോര്‍ട്‌സ് ഡെസ്റ്റിനേഷനുകളിലൊന്നായി മേഘാലയയെ  ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ മേഘാലയ ടൂറിസം ആണ്  'മേഘ കയാക്ക് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നത് . മേഘാലയയിലെ ശുദ്ധവും വേഗത്തിലുള്ളതുമായ നദികള്‍ വൈറ്റ് വാട്ടര്‍ റാഫ്റ്ററുകള്‍ക്കും കയാക്കര്‍മാര്‍ക്കും ഒരു പറുദീസയാണ്. ജല കായിക വിനോദങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഈ പരിപാടിയുടെ മറ്റൊരു സവിശേഷത. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തില്‍ നിരവധി പരിശീലന സെഷനുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്നുണ്ട്.

എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 13 ആയി നിശ്ചയിച്ചിരിക്കുന്നതിനാല്‍, ഇന്ത്യയിലും ലോകമെമ്പാടുമുള്ള കയാക്ക് പ്രേമികള്‍ക്ക് എന്റോള്‍ ചെയ്യാനും മത്സരങ്ങളുടെ ഭാഗമാകാനും അവസാന നിമിഷം വരെ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://www.meghakayakfest.com/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.