കോടഞ്ചേരി(കോഴിക്കോട്): മൺസൂണിന്റെ സമൃദ്ധിയിൽ നിറഞ്ഞുകവിഞ്ഞ മലയോരത്തെ പുഴകളിൽ കയാക്കിങ് ആർപ്പുവിളികളുയർന്നു. മലബാർ ജലോത്സവത്തിന്റെ ഭാഗമായ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച തുടങ്ങും. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. പത്തിലേറെ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ നൂറോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.
കയാക്കിങ് ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ, ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങളുടെ നടത്തിപ്പ്.
വെള്ളിയാഴ്ച രാവിലെ 10-ന് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം ചാലിപ്പുഴയിൽ പുരുഷ-വനിതാ വിഭാഗങ്ങളിലെ ഇന്റർമീഡിയറ്റ് കാറ്റഗറി ‘എക്സ്ട്രീം സ്ലാലം’ മത്സരങ്ങൾ അരങ്ങേറും. അതിന്റെ ഫൈനലും അന്നുതന്നെ നടക്കും. ശനിയാഴ്ച പുരുഷ-വനിതാ വിഭാഗങ്ങളിലെ പ്രൊഫഷണൽ ‘എക്സ്ട്രീം സ്ലാലം’ മത്സരങ്ങളാണ് നടത്തുന്നത്. ഞായറാഴ്ച പുല്ലൂരാംപാറയ്ക്കടുത്ത് ഇരുവഞ്ഞിപ്പുഴയിലാണ് ‘ഡൗൺ റിവർ’ മത്സരങ്ങൾ.
ഈ മത്സരത്തിലെ വിജയികൾക്ക് ‘വേഗരാജാ’ പട്ടവും ‘വേഗറാണി’ പട്ടവും സമ്മാനിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്ത് സമ്മാനവിതരണം നിർവഹിക്കും.
Content Highlights: white-water-kayaking-championship-kerala
Published: 24 Jul 2025, 11:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented