കോഴിക്കോട്: സൗഹൃദ മത്സരമായിരുന്നെങ്കിലും ഗോകുലം എഫ്.സി കേരളയുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിനേയും സംഘത്തേയും നേരിടാന്‍ പൂര്‍ണ സജ്ജമായിട്ടായിരുന്നു ഫ്രീ ബേര്‍ഡ്‌സിലെ കുട്ടി താരങ്ങള്‍ മൈതാനത്തിറങ്ങിയത്. പുത്തന്‍ മൈതാനത്ത് മാര്‍ക്കസിനൊപ്പം പന്ത് തട്ടുമ്പോള്‍ ആവേശം ഒട്ടും ചോരാതെയുള്ള പാസും സേവിങ്ങും. ഒടുവില്‍ 5-0 ന് കളിയവസാനിപ്പിക്കുമ്പോള്‍ വമ്പന്‍ സംഘത്തെ മുട്ടുകുത്തിച്ച കുട്ടികളുടെ സന്തോഷം കണ്ടറിഞ്ഞ് മാര്‍ക്കസിന്റ മടക്കം.

To advertise here,

പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ കോഴിക്കോട്ടെ പുനരധിവാസ കേന്ദ്രമായ ഫ്രീ ബേര്‍ഡ് ഓപ്പണ്‍ ഷെല്‍ട്ടറിന് വേണ്ടി ആം ഓഫ് ജോയ് ഒരുക്കി കൊടുത്ത ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മൈതാനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ഗോകുലം എഫ് സി കേരള താരങ്ങള്‍ കുട്ടികളുമായി മത്സരത്തിനിറങ്ങിയത്. മത്സരം കുട്ടികള്‍ക്കനുകൂലമാക്കി പന്ത് തട്ടിയ മാര്‍ക്കസും കൂട്ടരും കുട്ടികളുടെ ഫുട്‌ബോളിനോടുള്ള ആവേശവും അവരുടെ സന്തോഷവും നേരിട്ടറിയുകയായിരുന്നു.

ഫ്രീ ബേര്‍ഡ്‌സിലെ കുട്ടികള്‍ക്കായി അഞ്ച് ലക്ഷം രൂപ  മുടക്കിയാണ് ആം ഓഫ് ജോയ് എന്ന എന്‍ജിഒ മനോഹരമായ ഫ്‌ളഡ് ലൈറ്റ് മൈതാനം ഫ്രീ ബേര്‍ഡ്‌സ് ഷെല്‍ട്ടര്‍ ഹോമില്‍ ഒരുക്കിയത്. 2800 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ കോണ്‍ക്രീറ്റ് ബീം വാര്‍ത്ത്, നിലം മണ്ണിട്ട് നിരപ്പാക്കി, ചുറ്റിലും 20 അടി ഉയരത്തില്‍ പോസ്റ്റുകള്‍ നാട്ടി, നെറ്റ് കെട്ടിയാണ് ഒരു മാസം കൊണ്ട് മൈതാനം തയ്യാറാക്കിയത്. രാത്രിയില്‍ കളിക്കാന്‍ എല്‍.ഇ.ഡി ഫ്‌ളഡ് ലൈറ്റും ഒരുക്കിയിട്ടുണ്ട്.

പന്ത് പുറത്ത് പോവും എന്ന പേടിയില്ലാതെ കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാം എന്നത് മാത്രമല്ല, പുറമെ നിന്നുള്ള സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും 'കളിച്ചു കൊണ്ട് കുട്ടികളെ സഹായിക്കാം' എന്ന നൂതനമായ ആശയം നടപ്പിലാക്കാനുള്ള വേദി കൂടിയാണ് ആം ഓഫ് ജോയ് ഒരുക്കുന്നത്.

ഗോകുലം കേരള എഫ് സി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിനൊപ്പം കോച്ച്  സാന്തിയാഗോ വലേര, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ്, ആന്‍ഡ്രെ എറ്റിയെന്നെ ഫിസിക്കല്‍ ട്രെയിനര്‍ ഗാര്‍ഷ്യ എന്നിവര്‍ കുട്ടികളോടൊപ്പം കളിക്കാനിറങ്ങി.

Content Highlights: Marcus Joseph hits ball at FC Free Birds; Arm of Joy made the ground for the orphanage