കാന്‍പുര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ കാന്‍പുരിലാണ് നിശ്ചയിച്ചത്. മഴയായതിനാല്‍ ആദ്യദിവസമായ ഇന്ന് കളി മുടങ്ങി. 35 ഓവറില്‍ ബംഗ്ലാദേശ് 107-ന് മൂന്ന് എന്ന നിലയില്‍ നില്‍ക്കേയാണ് മഴ തടസ്സപ്പെടുത്തിയത്. കളി നിശ്ചയിച്ച ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിലെ സി ബ്ലോക്കിന് മതിയായ സുരക്ഷയില്ലെന്ന വാര്‍ത്ത മത്സരത്തിന് മുന്‍പേ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പകുതിയില്‍ക്കുറഞ്ഞ ആളുകളെ മാത്രമാണ് സി ബ്ലോക്കില്‍ അനുവദിച്ചത്. 

To advertise here,

കാന്‍പുരില്‍ കളി കാണാനെത്തുന്നവര്‍ക്ക് തലവേദനയായി കുരങ്ങുശല്യവുമുണ്ട്. കാണികളില്‍നിന്ന് ഭക്ഷണവും മൊബൈല്‍ ഫോണുമടക്കം തട്ടിയെടുക്കുന്ന വിധത്തില്‍ ശല്യം രൂക്ഷമാണ് സ്റ്റേഡിയത്തില്‍. കുരങ്ങുശല്യത്തിന് പരിഹാരമെന്നോണം കുരങ്ങിനെത്തന്നെ രംഗത്തിറക്കിയിരിക്കുകയാണിപ്പോള്‍ അധികൃതര്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമേ ലങ്കൂറുകളെയും പ്രദേശത്ത് വിന്യസിച്ചിരിക്കുന്നു. 

ഭക്ഷണം പിടിച്ചെടുക്കുന്ന കുരങ്ങുകളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് ലങ്കൂര്‍ കുരങ്ങുകളെ വിന്യസിച്ചുള്ള ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യു.പി.സി.എ.) നടപടി. കാണികളുടെയും സ്റ്റാഫുകളുടെയും ബ്രോഡ്കാസ്റ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷ പരിഗണിച്ചാണിത്. ഭക്ഷണം തേടിയാണ് കുരങ്ങുകള്‍ വ്യാപകമായി സ്റ്റേഡിയത്തിലേക്കെത്തുന്നത്. 

കാന്‍പുരില്‍ കുരങ്ങുശല്യം പരിഹരിക്കാന്‍ സാധാരണമായി ലങ്കൂറുകളെ ഉപയോഗിക്കാറുണ്ട്. നേരത്തേ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. കുരങ്ങുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് തടയാന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ക്യാമറ സ്ഥാപിച്ച ഉയര്‍ന്ന സ്റ്റാന്‍ഡുകള്‍ കറുത്ത തുണികൊണ്ട് മൂടുക, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നീ നടപടികളും കൈക്കൊണ്ടിട്ടുണ്ട്.