തിരുവനന്തപുരം: കേരളത്തിന്റെ കായിക രംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കായികവകുപ്പ് മന്ത്രി. കേരള സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചതും കൗൺസിലിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്നതുമായ സ്‌പോർട്‌സ് അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിർദേശം നൽകി.

To advertise here,

മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്‌പോർട്‌സ് അസോസിയയേഷനുകളിൽ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളെ കുറിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണി ലക്ഷ്യമാക്കി സർക്കാർ ഇടപെടൽ.

അവ്യക്തമായതും ഒഴുക്കൻ മട്ടിലുള്ളതുമായ മറുപടികൾ ഒഴിവാക്കുന്നതിനാണ് ചോദ്യങ്ങൾക്ക് ഘടന നിശ്ചയിച്ചു നൽകിയിരിക്കുന്നത്. സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം അസോസിയേഷനുകൾ മറുപടി നൽകണമെന്ന കർശന നിർദേശമുണ്ട്. നൽകുന്ന വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള രേഖകളും സമർപ്പിക്കണം.

മറുപടികൾ ലഭിക്കേണ്ട അവസാന തീയതിയായി നിശ്ചയിക്കപ്പെട്ട ദിവസം മുതൽ ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മറുപടികൾ ക്രോഡീകരിച്ച് ഉത്തരങ്ങൾ സൂക്ഷ്മപരിശോധന നടത്തി ഇവ ഏകോപിപ്പിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട് കേരള സ്‌പോർട്‌സ് കൗൺസിൽ സർക്കാരിന് സമർപ്പിക്കണം. റിപ്പോർട്ടിൽ പൂർണമായും മറുപടി നൽകിയ അസോസിയേഷനുകൾ, അപൂർണമായി മറുപടി നൽകിയ അസോസിയേഷനുകൾ, മറുപടികൾ നൽകാത്തവർ, തെരഞ്ഞെടുപ്പും ഓഡിറ്റും അംഗീകാരവും പെന്റിങ് ആയ അസോസിയേഷനുകൾ, വിവാദങ്ങൾ ഉള്ളവ, ശ്രദ്ധേയമായ അത്ലറ്റ് ബേസും മികച്ച പ്രകടനവും ഉള്ളവ, ഭൗതിക സാഹചര്യങ്ങളുടെ അഭാവവും പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവ, സർക്കാരിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും അടിയന്തിര ഇടപെടലുകൾക്കുള്ള ശുപാർശകൾ, ദുർബലമായ പ്രവർത്തനം നടക്കുന്നവ എന്നിങ്ങനെ തരം തിരിച്ച റിപ്പോർട്ട് ആയിരിക്കണം സർക്കാരിന് സ്‌പോർട്‌സ് കൗൺസിൽ സമർപ്പിക്കേണ്ടത്.

നിലവിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന അസോസിയേഷനുകൾ സംബന്ധിച്ച് അപൂർണമായ വിവരങ്ങളാണ് സർക്കാരിൽ ലഭ്യമായിട്ടുള്ളത്. ഇത് കായിക താരങ്ങൾക്ക് മതിയായ പ്രോത്സാഹനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവരിലേക്ക് സർക്കാർ സഹായം എത്താത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പിന്തുണ നൽകാനും കഴിയാത്ത അവസ്ഥയുമുണ്ട്. കുട്ടികളുടെ കായിക മികവ് കണ്ടെത്തുന്നതിനും ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സംഘടകൾ കായിക മേഖലയുടെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ പറ്റി സമഗ്രമായ ഓഡിറ്റിന് സർക്കാർ തയ്യാറെടുക്കുന്നത്.

ഇവിടെ ജേഴ്സി പോലും തരുന്നില്ല; വിജയ് സർക്കാർ നൽകുന്ന കിറ്റ് കാണേണ്ടതാണ്- ആൻസി സോജൻ