
തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ ജി.വി രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൗൺസിലിന്റെ 2022 മുതൽ 2025 വരെയുള്ള ജി.വി. രാജ അവാർഡ് ഉൾപ്പെടെയാണ് പ്രസിഡന്റ് യു. ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മുൻ കായികതാരവും പരിശീലകനും മാധ്യമ പ്രവർത്തകനുമായ ഡോ. മുഹമ്മദ് അഷ്‌റഫിന് 2022-23ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും 2023-24ലെ മികച്ച സ്‌പോർട്‌സ് പുസ്തകത്തിനുള്ള അവാർഡും ലഭിച്ചു. മാന്ത്രിക ബൂട്ടുകൾ എന്ന കൃതിക്കാണ് പുരസ്‌കാരം. കായിക രംഗത്തെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചതിനുള്ള അംഗീകാരമായാണ് സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്.
2022-23ലെ ജി.വി. രാജ പുരസ്‌കാരത്തിന് അബ്ദുല്ല അബൂബക്കറും വി.കെ വിസ്മയയും 2023-24 ലെ പുരസ്‌കാരത്തിന് മുഹമ്മദ് അജ്മൽ, ആൻസി സോജൻ, 2024-25ലെ ജി.വി രാജ പുരസ്‌കാരത്തിന് മുഹമ്മദ് അഫ്‌സൽ, പി.കെ ഐശ്വര്യ എന്നിവരും അർഹരായി. 2023-24ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് പി.എസ് അബ്ദുൽ റസാഖ്, 2024-25ൽ സുഭാഷ് ജോർജ് എന്നിവരും അർഹരായി. സ്‌പോർട്‌സ് കമന്റേറ്റർ ഷൈജു ദാമോദരൻ ജൂറി പ്രത്യേക പുരസ്‌കാരത്തിനും അർഹനായി.
2024-25ലെ മികച്ച കായികനേട്ടം കൈവരിച്ച സ്‌പോർട്‌സ് ഹോസ്റ്റൽ കായികതാരത്തിനുള്ള പുരസ്‌കാരം വനിതാ വിഭാഗത്തിൽ ബാസ്‌ക്കറ്റ്‌ബോൾ താരം അക്ഷയ ഫിലിപ്പിന് ലഭിച്ചു. 2025-ൽ രാജ്യത്തെ പ്രതിനിധീകരിച്ച് ലോക യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിലും 2024, 2025 വർഷങ്ങളിൽ നടന്ന നാഷണൽ ഗെയിംസ് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിലും നേടിയ സ്വർണ മെഡലുകളാണ് അക്ഷയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
Content Highlights: Kerala Sports Council announces G.V. Raja & Suresh Babu awards for 2022-2025. Dr. Muhammad Ashrafi bags two prestigious honors. Find out all the winners!
Published: 20 Feb 2026, 07:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented