ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ ശ്രമം ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന റിക്കി പോണ്ടിങ് തടയാന്‍ ശ്രമിച്ചതായി ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തല്‍. ആ സമയത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്ന ധവാന്റെ കാലം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് പോണ്ടിങ് തടസം നിന്നതെന്നും തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കൈഫ് പറയുന്നു. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹഉടമസ്ഥന്‍മാരില്‍ ഒരാളായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഡയറക്ടറായിരുന്നു ഗാംഗുലി.
ഹൈദരാബാദ് ടീമില്‍ അന്നുണ്ടായിരുന്ന ഡേവിഡ് വാര്‍ണറുടെ ഇടപെടലാകാം പോണ്ടിങ്ങിന്റെ തീരുമാനത്തിന് പിന്നിലെന്നും കൈഫ് വീഡിയോയില്‍ ആരോപിക്കുന്നു. എന്നാല്‍ ഗാംഗുലിയുടെ ടീം ഉടമകളും തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ധവാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍നിന്ന് ഡല്‍ഹി ടീമിലെത്തി. പിന്നീട് അവരുടെ പ്രധാന താരമായി മാറുകയും ഒരു സീസണില്‍ ഡല്‍ഹിയെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തു.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്ന സമയത്ത് കുറച്ചുകൂടി മികച്ച രീതിയില്‍ പോണ്ടിങ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഐപിഎല്‍ കിരീടം നേടാനാകുമായിരുന്നെന്ന് പോണ്ടിങ്ങിന് ഇപ്പോള്‍ തോന്നുന്നുണ്ടാകുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍. പഞ്ചാബിന്റെ മുന്‍ പരിശീലകര്‍ക്ക് സംഭവിച്ച അതേ പിഴവുകളാണ് പോണ്ടിങ് അവിടെ ആവര്‍ത്തിക്കുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. അര്‍ഷദീപ് സിങ്ങ്, കാഗിസോ റബാദ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരെ പഞ്ടാബ് ടീമില്‍ നിലനിര്‍ത്താതെ ലേലത്തിനുവിട്ടുകൊടുത്ത പോണ്ടിങ്ങിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ വിമര്‍ശനം.
'ഗാംഗുലിയും ഞാനുമെല്ലാം പടുത്തുയര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ആരെ പുറത്തിരുത്തുമെന്ന് അറിയാതെ ഞങ്ങള്‍ ആശയക്കുഴപ്പത്തിലായ ദിവസങ്ങളുണ്ട്. അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഹിറ്റ്‌മെയര്‍ എന്നിവര്‍ക്കുപോലും പ്ലെയിങ് ഇലവനില്‍ കളിക്കാന്‍ ഇടമില്ലാത്തവിധം ശക്തമായിരുന്നു ടീം. അങ്ങനെയാണ് ഞങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഗാംഗുലി നിര്‍ദേശിച്ചിരുന്നു.
ഗാംഗുലിതന്നെ മുന്‍കൈയെടുത്ത് ധവാനോട് സംസാരിച്ചു. അങ്ങനെയാണ് ധവാന്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ധവാന്‍ വേണമെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തിയത് ഗാംഗുലിയാണ്. ധവാന്റെ കരിയര്‍ കഴിഞ്ഞുവെന്ന നിലപാടാണ് പോണ്ടിങ് സ്വീകരിച്ചത്. ധവാന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍നിന്ന് പുറത്തായ സമയത്താണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു സീസണില്‍ ശരാശരി 500 റണ്‍സ് നേടുന്ന താരമാണ് ധവാന്‍ എന്ന കാര്യം ടീം യോഗത്തില്‍ ചര്‍ച്ചയായി.
ഈ സമയത്ത് ഓസീസ് താരമായ വാര്‍ണര്‍ ഹൈദരാബാദ് ടീമിലുണ്ടായിരുന്നു. ധവാനെ ഡല്‍ഹി വാങ്ങുന്നതുകൊണ്ട് വലിയ ഉപകാരമില്ലെന്ന് പോണ്ടിങ്ങിനെ തെറ്റിദ്ധരിപ്പിച്ചത് വാര്‍ണറാണെന്നാണ് എന്റെ നിഗമനം. പോണ്ടിങ് ഉണ്ടായിരുന്ന ഏഴ് വര്‍ഷവും ടീമിന് കിരീടം നേടാനായില്ല. അശ്വിനെ ഡല്‍ഹി ടീമിലെത്തിച്ചതിന്റെ ക്രെഡിറ്റും ഗാംഗുലിക്കുള്ളതാണ്.'- കൈഫ് പറയുന്നു.
ടീമിന് കിരീടം സമ്മാനിക്കാനുള്ള തന്ത്രങ്ങളൊന്നും പോണ്ടിങ്ങിന്റെ കൈവശമില്ലെന്ന് തിരിച്ചറിഞ്ഞാകാം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമകള്‍ പോണ്ടിങ്ങിനെ ടീം വിടാന്‍ അനുവദിച്ചതെന്നും കൈഫ് വ്യക്തമാക്കുന്നു.
'ക്രിക്കറ്റ് ലോകത്ത് പ്രധാനപ്പെട്ട ഒരു പേര് തന്നെയാണ് പോണ്ടിങ്. ഒരുപക്ഷേ സച്ചിന്‍ തെണ്ടുക്കറുടെയെല്ലാം വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന താരം. എന്നിട്ടും അദ്ദേഹത്തെ ടീം വിട്ടുപോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ പോരെന്ന് ടീം മാനേജ്‌മെന്റിനും ഉടമകള്‍ക്കും തോന്നി എന്ന് തന്നെയാണ് അതിനര്‍ഥം.'-കൈഫ് വ്യക്തമാക്കുന്നു.
പ്രഥമ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ടീമംഗമായിരുന്നു ധവാന്‍. അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു. പിന്നീട് 2019 സീസണിലാണ് തിരിച്ചെത്തിയത്. ആ സീസണില്‍ 521 റണ്‍സ് അടിച്ചെടുത്തു. 2020-ല്‍ 618 റണ്‍സും 2021-ല്‍ 587 റണ്‍സും നേടി. ഇതില്‍ 2020-ല്‍ ഡല്‍ഹി ഫൈനല്‍ കളിക്കുകയും ചെയ്തു. 2022-ല്‍ പഞ്ചാബ് കിങ്‌സിലേക്കുപോയി.
Content Highlights: kaif reveals coach ricky ponting wasnt happy by gangulys decision to pick dhawan
Published: 19 Nov 2024, 10:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented