ഹൗസ്റ്റണ്‍: അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യ. ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീമും വനിതാ ഡബിള്‍സ് ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  

To advertise here,

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ഡോറ മഡാരസ്-ജോര്‍ജീന പോട്ട സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യന്‍ ടീം അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 11-4, 11-9, 6-11, 11-7. ക്വാര്‍ട്ടറില്‍ ലക്‌സംബര്‍ഗിന്റെ സാറ ഡി നട്ടെ-സിയ ലിയാന്‍ നി സഖ്യത്തെയാണ് ഇന്ത്യന്‍ ടീം നേരിടുക. 

മിക്‌സഡ് ഡബിള്‍സിലും മണിക ബത്ര ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സത്തിയന്‍ ജ്ഞാനശേഖനൊപ്പമാണ് മണിക മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ജോടി  കനക് ജാ-വാങ് മാന്‍യു സഖ്യത്തെ പരാജയപ്പെടുത്തി. പിന്നില്‍ നിന്നും തിരിച്ചടിച്ചാണ് ഇന്ത്യ വിജയം നേടിയത്. സ്‌കോര്‍: 15-17, 10-12, 12-10, 11-6, 11-7. ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹരിമോട്ടോ ടോമോകാസു-ഹയാട്ട ഹിന സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി. 

ഒരു വിജയം കൂടി നേടാനായാല്‍ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ മെഡല്‍ ഉറപ്പിക്കാം. 

Content Highlights: India in quarters of women's doubles, mixed doubles at World championships