ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതും താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അലംഭാവം കാണിച്ചതുമാണ് നടപടിക്ക് പിന്നിൽ. സമിതിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിക്കുന്നതിനായി ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് മന്ത്രാലയം നിർദ്ദേശിച്ചു.

To advertise here,

സ്പോർട്സ് ഫെഡറേഷനുകളിൽ സുതാര്യതയും ജനാധിപത്യപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ തീരുമാനം. മുൻപും സമാനമായ രീതിയിൽ കോടതി ഇടപെടലിലൂടെ ഈ സമിതി സസ്പെൻഷൻ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫെഡറേഷനിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് മുൻ താരവും സെക്രട്ടറിയുമായ കമലേഷ് മേത്തയെ ജനുവരിയിൽ സമിതി സസ്പെൻഡ് ചെയ്തിരുന്നു. മേത്ത ഈ വിഷയം ഡൽഹി ഹൈക്കോടതിയിൽ ചോദ്യംചെയ്യുകയും കോടതി സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഫെഡറേഷനിലെ ആഭ്യന്തര പ്രശ്നങ്ങളും അധികാര വടംവലിയുമാണ് സസ്പെൻഷന് കാരണമെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടെങ്കിലും ഈ ആരോപണം സമിതി നിഷേധിച്ചു.