
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരായ ഡെന്നീസ് ലില്ലി - ജെഫ് തോംസൺ ജോഡിയോട് ഉപമിച്ച് സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും കൃത്യതയും വിശദീകരിക്കാനാണ് രാജീവ് ഘായ് ഒരുകാലത്ത് ഏതൊരു ബാറ്റിങ് നിരയുടെയും പേടിസ്വപ്‌നമായിരുന്ന ലില്ലി - തോംസൺ പേസ് ജോഡിയെ കൂട്ടുപിടിച്ചത്.
സിന്ദൂർ ഓപ്പറേഷനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ക്രിക്കറ്റ് വിഷയമാക്കി സംസാരിച്ചത്. ഇന്ത്യൻ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവും അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു.
''വിരാട് കോലി ഇന്ന് വിരമിച്ചതിനാൽ നമുക്ക് ഇന്ന് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാം. മറ്റ് ഇന്ത്യക്കാരെ പോലെ അദ്ദേഹം എന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. 70-കളിൽ സ്‌കൂളിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം എനിക്കോർമ്മയുണ്ട്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുകയാണ്. അക്കാലത്ത് ഓസ്‌ട്രേലിയയുടെ രണ്ട് പ്രഗത്ഭരായ ബൗളർമാരായ ജെഫ് തോംസണും ഡെന്നിസ് ലില്ലിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റിങ്‌നിരയെ തകർത്തു. 'തോംസണ് കിട്ടിയില്ലെങ്കിൽ ലില്ലി എടുത്തിരിക്കും' എന്ന് അക്കാലത്ത് ഓസ്‌ട്രേലിയയിൽ ഒരു പഴഞ്ചൊല്ല് പോലുമുണ്ടായിരുന്നു.'' - രാജീവ് ഘായ് വ്യക്തമാക്കി.
വിവിധ തലങ്ങളുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം എത്ര ശക്തവും കൃത്യവുമാണെന്ന് വിശദീകരിക്കാനാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷൻ സിന്ദൂരിലും തുടർന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പാകിസ്താൻ നടത്തിയ ആക്രമണങ്ങളിലും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പ്രകടമായിരുന്നു. അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇന്ത്യക്ക് ചെറുക്കാനായതോടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കരുത്തും ചർച്ചയായിരുന്നു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: India`s air defense system likened to legendary Aussie pace duo Lillee-Thomson
Published: 12 May 2025, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented