
പാരീസ്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ കോടതിയെ സമീപിച്ച് പാരീസ് ഒളിമ്പിക്‌സിനിടെ ലിംഗനീതി വിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാന്‍ ഖെലീഫ്. ടെസ്ല സി.ഇ.ഒയും എക്സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌ക്, പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ റൗളിങ് എന്നിവരുള്‍പ്പെടെ ഇമാന്റെ പരാതിയില്‍ കോടതി കയറിയേക്കും.
ഒളിമ്പിക് ബോക്‌സിങ് പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ആഞ്ജല കരിനിയുമായുള്ള മത്സരത്തിനു പിന്നാലെയാണ് ഇമാന്‍ ഖെലീഫ് വിവാദത്തില്‍പ്പെടുന്നത്. മത്സരത്തില്‍ ഇമാനില്‍നിന്നേറ്റ കനത്ത പഞ്ചില്‍ ആഞ്ജലയുടെ മൂക്ക് തകര്‍ന്നിരുന്നു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു ഇത്. ഇതോടെ 46-ാം സെക്കന്‍ഡില്‍തന്നെ ആഞ്ജല മത്സരത്തില്‍നിന്ന് പിന്മാറി. ഇതിനു പിന്നാലെ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇമാന്‍ പുരുഷനാണെന്ന ആരോപിച്ച് താരത്തെ അധിക്ഷേപിച്ചത്. എന്നാല്‍ പാരീസില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ കോടതിനടപടികളുമായി മുന്നോട്ടുപോകാന്‍ താരം തീരുമാനിക്കുകയായിരുന്നു.
പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസിലെ പ്രത്യേക യൂണിറ്റിന് വെള്ളിയാഴ്ചയാണ് താരം പരാതി നല്‍കിയത്. അഭിഭാഷകനായ നബീല്‍ ബൗഡിയാണ് താരത്തിനു വേണ്ടി ഹാജരായത്. ഇമാന്‍ ഉള്‍പ്പെട്ട വനിതകളുടെ 66 കി.ഗ്രാം ബോക്‌സിങ് പ്രീക്വാര്‍ട്ടറിനു പിന്നാലെ അമേരിക്കന്‍ നീന്തല്‍ താരം റൈലി ഗെയ്ന്‍സ്, ഇമാന്റെ ചിത്രം പങ്കുവെച്ച് 'സ്ത്രീകളുടെ കായികരംഗത്ത് പുരുഷന്‍മാര്‍ ഉള്‍പ്പെടുന്നില്ല.' എന്ന് കുറിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ജെ.കെ റൗളിങ്ങും ഇമാനെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇതോടെയാണ് ഇമാന്റെ പരാതിയില്‍ ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്.
പാരീസില്‍ സ്വര്‍ണ മെഡല്‍ മത്സരം വിജയിച്ച ശേഷം താന്‍ സ്ത്രീയായി ജനിച്ച് സ്ത്രീയായി ജീവിച്ചയാളാണെന്ന് ഇമാന്‍ പ്രതികരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍നടന്ന അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ (ഐ.ബി.എ.) ലോകചാമ്പ്യന്‍ഷിപ്പില്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ട ഇമാനെയും തയ്വാന്റെ ലിന്‍ യു ടിങ്ങിനെയും പുറത്താക്കിയിരുന്നു. പുരുഷന്‍മാര്‍ക്കുള്ള എക്സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. എന്നാല്‍ ഐബിഎയെ അംഗീകരിക്കാത്ത അന്താരാഷ്ട്ര ഒളിമ്പിക് സമിതി (ഐ.ഒ.സി.) ഇരുവരെയും പാരീസില്‍ മത്സരിക്കാന്‍ അനുവദിച്ചു. വനിതകളായാണ് ഇവരെ വളര്‍ത്തിയതെന്നും പാസ്‌പോര്‍ട്ടില്‍ ഇത് വ്യക്തമാണെന്നുമാണ് ഐ.ഒ.സി. നിലപാട്. ഇതോടെ പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
Content Highlights: imane khelif names elon musk jk rowling in cyberbullying lawsuit
Published: 14 Aug 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented