Harbhajan Singh and MS Dhoni (File Photo) Photo Courtesy: AFP
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ എം.എസ് ധോനിയുടെ കരിയര്‍ അവസാനിച്ചുവെന്ന ആശങ്കയിലാണ് ആരാധകര്‍. 2019-ലെ ഏകദിന ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി ഒരൊറ്റ മത്സരവും കളിച്ചിട്ടില്ല. ഇനി ധോനി ഇന്ത്യന്‍ ജേഴ്‌സി അണിയുകയാണെങ്കില്‍ അതൊരുപക്ഷേ വിടവാങ്ങല്‍ മത്സരത്തിലാകുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ഇതിലൊന്നും ഒരു അദ്ഭുതവും തോന്നുന്നില്ല. വാര്‍ഷിക കരാര്‍ പട്ടികയില്‍ ധോനിയുണ്ടാകില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ഹര്‍ഭജന്‍ പറയുന്നു. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോനി മികച്ച പ്രകടനം പുറത്തെടുത്താലും ധോനി ഇനി ഇന്ത്യക്കായി കളിക്കുമെന്ന് തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കുന്നു.
'എനിക്ക് അമ്പരപ്പ് തോന്നിയില്ല. ലോകകപ്പിന് ശേഷം ധോനി ഒരൊറ്റ മത്സരവും കളിക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. ലോകകപ്പ് സെമിഫൈനലാണ് അദ്ദേഹത്തിന്റെ അവസാന മത്സരമെന്ന് ഞാന്‍ കരുതുന്നു. നേരത്തെ ധോനി അദ്ദേഹത്തിന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്, 'ലോകകപ്പില്‍ എന്തു സംഭവിച്ചാലും അതായിരിക്കും അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമെന്ന്'. ബിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ധോനി പുറത്തായതില്‍ എനിക്കൊരു അദ്ഭുതവും തോന്നുന്നില്ല. ഇനി ഇന്ത്യക്ക് വേണ്ടി ഒരു കളിയുണ്ടാകില്ലെന്ന് ധോനി നേരത്തെ തന്നെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്', ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങളായി ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നെങ്കിലും ധോനി വീണ്ടും പരിശീലനം തുടങ്ങിയിട്ടുണ്ട്. റാഞ്ചിയില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റിങ് പരിശീലനത്തിന് ധോനി ഇറങ്ങിയിരുന്നു. ഐ.പി.എല്‍ സീസണിന്റെ മുന്നോടിയായാണ് പരിശീലനമെന്നാണ് സൂചന. ലോകകപ്പിലെ പരാജയത്തിന് ശേഷം ധോനി സൈനിക പരിശീലനത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു.
Content Highlights: Harbhajan Singh on MS Dhoni Retirement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..