പതിനേഴാം വയസിൽ ഇന്ത്യൻ ജെഴ്‌സി അണിഞ്ഞ വിക്കറ്റ് കീപ്പർ ബാറ്ററാണ് പാർഥിവ് പട്ടേൽ. എന്നാൽ പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വന്നു. എംഎസ് ധോനി കൂടി വന്നതോടെ പാർഥിവിന് ടീമിലെ സ്ഥാനം നഷ്ടമായി. 2008-ൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ തിരിച്ചുവന്നെങ്കിലും വീണ്ടും ഒഴിവാക്കപ്പെട്ടു. 2009-2010 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നിട്ടും ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നില്ല. പലപ്പോഴും സെലക്ടർമാരുടെ തീരുമാനങ്ങളാണ് വഴിമുടക്കിയത്.

To advertise here,

അന്ന് ചീഫ് സെലക്ടറായിരുന്ന ദിലീപ് വെങ്‌സർക്കാരുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് പാർഥിവ് പറയുന്നു. കഠിനാധ്വാനം തുടരാനാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പുതിയ സെലക്ഷൻ പാനൽ വന്നപ്പോൾ പാർഥിവ് മറ്റൊരു സെലക്ടറോട് സംസാരിച്ചു. അയാളുടെ മറുപടി തന്നെ അമ്പരപ്പിച്ചുവെന്നും പാർഥിവ് പറയുന്നു. 28 വയസായില്ലേ എന്നും ഗുജറാത്തിയായ താങ്കൾ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കൂ എന്നുമാണ് അയാൾ തന്നോട് പറഞ്ഞതെന്ന് പാർഥിവ് വ്യക്തമാക്കുന്നു.

'ഓസ്ട്രേലിയൻ പര്യടനത്തിനുള്ള സെലക്ഷൻ നടക്കുമ്പോൾ, ഞാൻ സെലക്ടർ ദിലീപ് വെങ്‌സർക്കാരിനെ വിളിച്ച് എന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചു. 'ഇത് നിർഭാഗ്യകരമാണ്, കഠിനാധ്വാനം തുടരുക,' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാൽ 2011 ആയപ്പോഴേക്കും, എല്ലാ സീസണിലും സ്ഥിരമായി 700-800 റൺസ് നേടിയതിനുശേഷം, സെലക്ഷൻ കമ്മിറ്റി മാറി. എന്റെ സാധ്യതകളെക്കുറിച്ച് ചോദിക്കാൻ ഞാൻ വെസ്റ്റ് സോണിൽ നിന്നുള്ള പുതിയ സെലക്ടറെ വിളിച്ചു. എനിക്ക് ഞെട്ടിക്കുന്ന ഒരു ഉപദേശമാണ് ലഭിച്ചത്.

'നിങ്ങൾക്ക് 27-28 വയസ്സായി, നിങ്ങൾ ഒരു ഗുജറാത്തിയാണ്. നിങ്ങൾക്ക് എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് ചിന്തിക്കൂ.' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'നിങ്ങൾ എന്നെ തിരഞ്ഞെടുക്കേണ്ടതില്ല. എന്നാൽ നിങ്ങൾക്ക് ഇതുപോലെ നിരുത്സാഹപ്പെടുത്താൻ കഴിയില്ല. ഇതാണ് നിങ്ങളുടെ ചിന്ത. നിങ്ങളുടെ കാലാവധിയിൽ രണ്ട് വർഷം ബാക്കിയുണ്ട്. അതിനിടയിൽ ഞാൻ തിരിച്ചുവരുമെന്ന് വെല്ലുവിളിക്കുന്നു.' പാർഥിവ് അയാൾക്ക് മറുപടി നൽകി. താൻ ധോനിയുമായി മത്സരത്തിലുണ്ടായിരുന്നില്ലെന്നും പാർഥിവ് വ്യക്തമാക്കി. 'ഞാൻ ഒരിക്കലും എം.എസ്. ധോനിയുമായി മത്സരത്തിലുണ്ടായിരുന്നില്ല. കാരണം അദ്ദേഹം മറ്റൊരു ലെവലിലായിരുന്നു. രണ്ടാമത്തെ കീപ്പറുടെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രകടനം, ഒരു കളിക്കാരനെന്ന നിലയിലുള്ള പദവി, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി എന്നിവ കാരണം ആദ്യ കീപ്പറുടെ സ്ഥാനത്തെക്കുറിച്ച് ആരും സംസാരിക്കുക പോലുമില്ലായിരുന്നു. എനിക്ക് കളിക്കാൻ അവസരം ലഭിക്കുന്നതിനായി അദ്ദേഹം എപ്പോഴാണ് വിശ്രമം എടുക്കുക, അല്ലെങ്കിൽ എപ്പോഴാണ് എനിക്ക് വിദേശ ടൂറിൽ പോകാൻ അവസരം ലഭിക്കുക എന്നതായിരുന്നു ഏക ചോദ്യം. എന്നാൽ ഒരു ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു, നമ്മൾ ഇന്ത്യയ്ക്കോ ഗുജറാത്തിനോ വെസ്റ്റ് സോണിനോ ക്ലബ്ബ് ക്രിക്കറ്റിനോ ആവട്ടെ, ക്രിക്കറ്റ് കളിക്കുകയാണ്. ഞാൻ കളിക്കുന്ന ലെവൽ ഏതായാലും എന്റെ ആവേശം കുറയാൻ പാടില്ല. 50-60% ആവേശത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കുക, പെട്ടെന്ന് ഒരു ടെസ്റ്റ് മാച്ച് കളിക്കാൻ അവസരം ലഭിക്കില്ല. ഞാൻ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന പോലെയായിരുന്നു എന്റെ തയ്യാറെടുപ്പ് എപ്പോഴുമുണ്ടായിരുന്നത്. എനിക്ക് എപ്പോൾ അവസരം ലഭിച്ചാലും ഞാൻ തയ്യാറായിരിക്കണം.'-പാർഥിവ് വ്യക്തമാക്കി.