സതാംപ്ടൺ: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ റെക്കോഡ് മറികടന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ.

To advertise here,

മത്സരത്തിൽ 84 പന്തിൽ നിന്ന് നാലു സിക്സും 15 ഫോറുമടക്കം മോർഗൻ 106 റൺസെടുത്തിരുന്നു. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് ധോനിയെ മറികടന്ന് മോർഗൻ സ്വന്തമാക്കി.

കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ഏകദിനത്തിലെ മോർഗന്റെ സിക്സർ നേട്ടം 328 ആയി. ക്യാപ്റ്റനെന്ന നിലയിൽ 212 സിക്സറുകളാണ് മോർഗൻ ഇംഗ്ലണ്ടിനായി പറത്തിയത്. ധോനിയുടെ 211 സിക്സറുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

ഇന്ത്യയെ നയിച്ച 332 ഏകദിനങ്ങളിൽ നിന്നാണ് ധോനി 211 സിക്സറുകൾ നേടിയതെങ്കിൽ ഇംഗ്ലണ്ടിനെ നയിച്ച 163 മത്സരങ്ങളിൽ നിന്നാണ് മോർഗൻ സിക്സർ നേട്ടം 212-ൽ എത്തിച്ചത്. ധോനിയേക്കാൾ പകുതിയിൽ താഴെ മത്സരങ്ങളിൽ നിന്നാണ് മോർഗന്റെ നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഏകദിനത്തിലെ മൊത്തം സിക്സറുകളുടെ കാര്യത്തിൽ 359 എണ്ണവുമായി ധോനി ഇപ്പോഴും മോർഗന് മുന്നിലാണ്.

171 സിക്സറുകളുമായി മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയിൽ മൂന്നാമത്. 170 സിക്സറുകളുമായി മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം നാലാമതും.

Content Highlights: England captain Eoin Morgan breaks MS Dhoni world record