കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകചെയർമാൻ സി.ജെ. റോയിയുടെ മരണവാർത്ത ഞെട്ടലോടെയാണ് ബിസിനസ് ലോകം കേട്ടത്. ആദായനികുതിവകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ചുമരിക്കുകയായിരുന്നു. സ്വപ്രയത്‌നത്താൽ വളർന്നും കഠിനാധ്വാനം ചെയ്തും ഏവരെയും അദ്ഭുതപ്പെടുത്തിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. സിനിമ, വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങി ഒട്ടേറെ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് റോയ്. ക്രിക്കറ്റ് ടീമുകളുടെ സ്പോൺസറായിരുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ഗോൾഫ് മേഖലയിലും നിക്ഷേപം നടത്തി. ടി20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് റോയിയുടെ വിടവാങ്ങൽ.

To advertise here,

കായികരംഗത്തും കോൺഫിഡന്റോടെ മുന്നേറിയ ആളായിരുന്നു സി.ജെ. റോയ്. വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകളുടെ സ്‌പോൺസറായിരുന്നു അദ്ദേഹം. 2013-ലാണ് വിൻഡീസ് ടീമിന്റെ മുഖ്യ സ്‌പോൺസറാകുന്നത്. ആ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു ടീമിന്റെ സ്‌പോൺസറായി കോൺഫിഡന്റ് ഗ്രൂപ്പെത്തിയത്. പിന്നാലെ 2014 ൽ ബംഗ്ലാദേശിൽ വെച്ച് നടന്ന ടി20 ലോകകപ്പിലും വിൻഡീസ് ടീമിന്റെ സ്‌പോൺസർമാരായി.

പിന്നീട് ലങ്കൻ ടീമിന്റെ സ്‌പോൺസർമാരായി ക്രിക്കറ്റ് ലോകത്ത് സി.ജെ. റോയ് വീണ്ടും സാന്നിധ്യമുറപ്പിച്ചു. 2016 ടി20 ലോകകപ്പിലും ടീമിന്റെ സ്‌പോൺസർമാർ മറ്റാരുമായിരുന്നില്ല. പുരുഷ, വനിതാ ടീമുകളുടെ സ്‌പോൺസർമാരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. മാത്രമല്ല, ഗോൾഫിലും സി.ജെ. റോയ് ചുവടുവെച്ചു. ബെംഗളൂരുവിലെ സിയോൺ ഹിൽസ് ഗോൾഫ് കൗണ്ടി പ്രോജക്ട് ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഏകദേശം 3000 കോടിയുടേതായിരുന്നു പ്രോജക്ട്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പി.യിൽ പ്ലാനിങ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 2000 കോടി രൂപയിലേറെ ആസ്തിയുള്ള കമ്പനിയായി വളർന്നു.