Photo: twitter.com/MangteC/
ഇംഫാല്‍: മെയ്തി സമുദായത്തിന് പട്ടികവര്‍ഗപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ പ്രശ്‌ന പരിഹാരത്തിന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോം. സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അവര്‍ 'എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ' എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരേയും ചില മാധ്യമങ്ങളേയും ടാഗ് ചെയ്തുകൊണ്ടാണ് മേരി കോമിന്റെ ട്വീറ്റ്
ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് മണിപ്പുരില്‍ സംഘര്‍ഷം ഉടലെടുത്തത്. അക്രമ സംഭവങ്ങള്‍ നിയന്ത്രണാധീതമായതോടെയാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിരുന്നു. അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ വെടിവെപ്പ് നടത്താന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഗവര്‍ണറുടെ ഉത്തരവ്.
നേരത്തെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിള്‍സും ചേര്‍ന്നു ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. നിരവധി പേരെ ഇതിനോടകം തന്നെ സൈന്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തുള്ള വിവിധ സൈനിക ക്യമ്പുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കുമാണ് ആളുകളെ മാറ്റിയിരിക്കുന്നത്. എട്ടു ജില്ലകളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും അഞ്ചു ദിവസത്തേയ്ക്ക് വിച്ഛേദിച്ചു.
മെയ്തി സമുദായക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനെതിരേ മണിപ്പുരിലെ ഗോത്ര വിഭാഗങ്ങളായ നാഗ, സോമി, കുകി വിഭാഗങ്ങള്‍ രംഗത്തെത്തി.
Content Highlights: Boxing great MC Mary Kom urged Centre to help control the violence in Manipur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..