
കൊച്ചി: ലോകകപ്പ് നടക്കുന്ന മൈതാനം മുഴുവന്‍ വോയ്, വോയ് വിളികളാണ്. പൊടുന്നനെയൊരു വിസില്‍ മുഴങ്ങി... റഫറി പ്രവീണ വിളിച്ചുപറഞ്ഞു, പെനല്‍റ്റി! സാധാരണ ഫുട്ബോള്‍ മത്സരത്തില്‍ വിസിലടിച്ച്, പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ ചൂണ്ടിയാല്‍ മതി. പക്ഷേ, പ്രവീണയ്ക്ക് ചുറ്റുമുള്ളവരെല്ലാം മനക്കണ്ണില്‍ മാത്രം കാല്‍പ്പന്ത് കാണുന്നവരാണ്. റഫറിയുടെ ശബ്ദമാണ് അവരുടെ 'നേര്‍വഴി'.
കൊച്ചിയില്‍ നടക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ നേര്‍വഴിയുടെ ശബ്ദമാകാന്‍ വിദേശ റഫറിമാര്‍ക്കൊപ്പം നാല് മലയാളികളുമുണ്ട്. അവരില്‍ അധ്യാപികയുണ്ട്, മുന്‍ കൗണ്‍സിലറുണ്ട്, മത്സ്യബന്ധന തൊഴിലാളിയുണ്ട്.... കളിക്കളത്തില്‍ ഇവരെല്ലാം ഇന്റര്‍നാഷണലുകളാണ്!
ഇന്ത്യക്കുപുറമേ ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുര്‍ക്കി, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. വിദേശികളടക്കം 14 റഫറിമാരുള്ളതില്‍ ആറുപേരും ഇന്ത്യക്കാരാണ്, അതില്‍ നാലുപേരും എറണാകുളം സ്വദേശികള്‍. എളങ്കുന്നപ്പുഴ വളപ്പ് സ്വദേശി വിവേക് കോനാരി, തൃപ്പൂണിത്തുറക്കാരനായ എ.വി. ബൈജു, എളമക്കര സ്വദേശിനി വി.പി. പ്രവീണ, മട്ടാഞ്ചേരി സ്വദേശിനി മഹേശ്വരി ഷെട്ടി എന്നിവരുടെ വിസില്‍വിളികളാണ് മൈതാനത്ത് മുഴങ്ങുന്നത്.
കിലുക്കത്തോടെ ഉരുളുന്ന കാല്‍പ്പന്ത്, വോയ്, വോയ് വിളികളോടെ ഓടുന്ന താരങ്ങള്‍... കൂട്ടിയിടിക്കാതിരിക്കാനാണ് 'വോയ്' വിളി. ആ വിളിയില്ലാതെ പന്തിനെ സമീപിച്ചാല്‍ ഫൗള്‍ ആണ്. ഔട്ടും ത്രോയുമൊന്നുമില്ലാത്ത ഈ കളിയില്‍ സൈഡ് ലൈന്‍ വലിയ ബോര്‍ഡ് ആണ്. നാലുസെക്കന്‍ഡിലധികം ബോര്‍ഡില്‍ പിടിക്കരുത്. ഇതെല്ലാം നോക്കി നിയന്ത്രിക്കേണ്ടവരാണ് റഫറിമാര്‍.
കേരള ഫുട്ബോള്‍ അസോസിയേഷന്‍ റഫറിയായ വിവേക്, ഒന്‍പത് വര്‍ഷമായി കാഴ്ചയില്ലാത്തവരുടെ കളി നിയന്ത്രിക്കുന്നു. മത്സ്യബന്ധന തൊഴിലാളിയും ഫുട്ബോള്‍ കോച്ചുമാണ്. മലേഷ്യയില്‍നിന്ന് ബ്ലൈന്‍ഡ് ഫുട്ബോള്‍ റഫറി കോഴ്സ് ജയിച്ചു. ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ നടന്ന വനിതാ ലോകകപ്പ്, ചൈനയില്‍ നടന്ന ഏഷ്യന്‍ പാരാഗെയിംസ്, റഷ്യയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ടൂര്‍ണമെന്റ്, ജപ്പാനില്‍ നടന്ന ഡായ്സെല്‍ കപ്പ് എന്നിവയില്‍ റഫറിയായിരുന്നു.
പ്രവീണയും മഹേശ്വരിയും എറണാകുളം മഹാരാജാസ് കോളേജ് ഫുട്ബോള്‍ ടീമിലുണ്ടായിരുന്നവരാണ്. എട്ടുവര്‍ഷം മുന്നേ കോച്ച് സി.വി. സീനയാണ് ബ്ലൈന്‍ഡ് ഫുട്ബോള്‍ റഫറിമാരാകാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ തായ്ലാന്‍ഡില്‍ പോയി റഫറി കോഴ്സ് പഠിച്ച് ഇന്റര്‍നാഷണലുകളായി. യുഎഇയിലെ ഉമ്മല്‍ ക്വയിനിലെ ദി ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ മേധാവിയാണ് പ്രവീണ. ലോകകപ്പ് റഫറിയാകാനായി മാത്രം കൊച്ചിയിലേക്ക് പറന്നെത്തുകയായിരുന്നു. മഹേശ്വരി ഷെട്ടി പഞ്ചാബിലെ കേന്ദ്ര സര്‍വകലാശായില്‍ ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്.
മലയാളി ബ്ലൈന്‍ഡ് ഫുട്ബോള്‍ റഫറിമാരില്‍ ജൂനിയറാണെങ്കിലും പ്രായത്തിലും സാധാരണ ഫുട്ബോള്‍ റഫറിയിങ്ങിലും വളരെ സീനിയറാണ് എ.വി. ബൈജു. തൃപ്പൂണിത്തുറ നഗരസഭാ മുന്‍ കൗണ്‍സിലറും ഭഗത് സോക്കര്‍ ക്ലബ്ബിലെ കോച്ചുമാണ്. 2004 മുതല്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ റഫറിയാണ്. നാലുവര്‍ഷം മുന്‍പാണ് തായ്ലാന്‍ഡില്‍നിന്ന് ബ്ലൈന്‍ഡ്സ് ഫുട്ബോള്‍ റഫറി പരീക്ഷ ജയിച്ച്, അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചു തുടങ്ങിയത്.
Content Highlights: Discover the unique world of blind football at the Kochi Women`s World Cup, where referees` calls are the players` eyes. Meet the passionate Malayali referees
Published: 08 Oct 2025, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented