
കൊച്ചി: സംസ്ഥാനസർക്കാരും വൈദ്യുതി ബോർഡും വിചാരിച്ചാലും നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവില്ല. ഇപ്പോൾ പുറമേനിന്ന് എത്തിക്കുന്നതിനെക്കാൾ കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശേഷി കേരളത്തിലെ സബ്സ്റ്റേഷൻ ട്രാൻസ്‌ഫോർമറുകൾക്കില്ല. ഇതാണ് കേരളം നേരിടുന്ന അടിസ്ഥാനപ്രശ്നം, അല്ലാതെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതല്ല.
ഈ വേനൽക്കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന രാത്രികാല വൈദ്യുതിയുടെ ആവശ്യം അഥവാ പീക്ക് ഡിമാൻഡ് 6,195 മെഗാവാട്ട് ആണ്. പ്രതിദിന വൈദ്യുത ഉപഭോഗം 11.8 കോടി യൂണിറ്റിലും എത്തി. ഇത്രയും ഉയർന്ന വൈദ്യുതി ആവശ്യം നിറവേറ്റാനുള്ള ശേഷി പ്രധാന സബ്സ്റ്റേഷനുകളിലെ ട്രാൻസ്ഫോർമറുകൾക്കില്ല എന്നതാണ് യാഥാർഥ്യം.
കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതി 1,600 മെഗാവാട്ടാണ്. പ്രതിദിനം 4.8 കോടി യൂണിറ്റ് ലഭിക്കും. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലൂടെ 1,766 മെഗാവാട്ടാണ് ഉത്പാദിപ്പിക്കാവുന്നത്. പ്രതിദിനം ലഭിക്കുക 2.3 കോടി യൂണിറ്റ്. ദീർഘ-ഹ്രസ്വകാല കരാറുകളിലൂടെയും പവർ എക്സ്ചേഞ്ചുകളിലൂടെയും പുറമേനിന്ന് വാങ്ങുന്നത് 2,800 മെഗവാട്ട്. ദിവസേന ആറ് കോടി യൂണിറ്റ്. ഇതിൽ ജലവൈദ്യുതിയൊഴികെ ബാക്കിയെല്ലാം പുറമേ നിന്ന് കൊണ്ടുവരണം.
അന്തഃസംസ്ഥാന ലൈനുകൾ വഴിയാണ് വൈദ്യുതി കൊണ്ടുവരുന്നത്. കേരളത്തിലേക്ക് 4,400 മെഗാവാട്ടാണ് പരമാവധി കൊണ്ടുവരാൻ കഴിയുക. അത്രയും നിലവിൽ കൊണ്ടുവരുന്നുണ്ട്. 400 കെ.വി. സബ്സ്റ്റേഷനുകളിലും ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് (എച്ച്.വി.ഡി.സി.) സബ്സ്റ്റേഷനുകളിലുമുള്ള ട്രൻസ്ഫോർമറുകൾ വഴിയാണ് ഈ വൈദ്യുതി കേരള ഗ്രിഡിലേക്ക് നൽകുന്നത്. ഈ ട്രാൻസ്ഫോർമറുകളുടെ ശേഷി കൂട്ടാതെ ഇപ്പോൾ കൊണ്ടുവരുന്നതിൽ കൂടുതൽ വൈദ്യുതി കൊണ്ടുവരാനാകില്ല. ഇനി പുറമേനിന്ന് വൈദ്യുതി കൊണ്ടുവരണമെങ്കിൽ കേന്ദ്രവിഹിതം സറണ്ടർ ചെയ്യുകയേ നിവർത്തിയുള്ളൂ.
മണ്ണുത്തിയിലുള്ള എച്ച്.വി.ഡി.സി. സബ് സ്റ്റേഷനിലേക്ക് പുഗലൂരിൽനിന്ന് വരുന്ന ലൈൻ വഴി 2,000 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാൻ കഴിയുമെങ്കിലും മണ്ണുത്തിയുള്ള സബ് സ്റ്റേഷനിൽ 500 മെഗാ വോൾട്ട് ആംപിയറിന്റെ (എം.വി.എ.) രണ്ട് ട്രാൻസ്ഫോർമറുകൾ മാത്രമാണ് ഉള്ളത്.
നാഷണൽ ഗ്രിഡിലെ നിബന്ധനപ്രകാരം ഈ രണ്ടെണ്ണത്തിൽ ഒരു ട്രാൻസ്ഫോർമറിന്റെ ലോഡ് മാത്രമേ കേരളത്തിന് അനുവദിക്കൂ. ഒരു ലൈനിന് എന്തെങ്കിലും സംഭവിച്ചാൽ, സംസ്ഥാനങ്ങൾ മുഴുവൻ ഇരുട്ടിലാകാതിരിക്കാൻ അടുത്ത ലൈൻ ഉപയോഗപ്പെടുത്താനാണിത്. അതായത് കേരളത്തിന് 500 മെഗാവാട്ട് മാത്രമേ ലഭിക്കൂ എന്ന് സാരം. ഛത്തീസ്ഗഢിലെ റായ്ഗഢിൽനിന്ന് തുടങ്ങുന്ന ഈ ലൈനിന്റെ ആകെ ശേഷി 6,000 മെഗാവാട്ട് ആണ്. പല സംസ്ഥാനങ്ങളിലൂടെ കടന്നു വരുന്ന ഈ ലൈനിൽനിന്ന് കേരളത്തിന് അനുവദിച്ചിരിക്കുന്നത് 2,000 മെഗാവാട്ട് ആണ്.
മണ്ണുത്തി സ്റ്റേഷനിൽ പവർഗ്രിഡ് ആണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കേണ്ടതെങ്കിലും അതിന്റെ ചെലവ് വഹിക്കേണ്ടത് കേരളമാണ്. 2027-ൽ മാത്രമേ ഇവിടെ പുതിയ 500 എം.വി.എ. ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ പവർഗ്രിഡിന് പദ്ധതിയുള്ളൂ. അതുവരെ പുറമേനിന്ന് കേരളത്തിന് അധികവൈദ്യുതി കൊണ്ടുവരാൻ സാധിക്കില്ല. 6000 മെഗാവാട്ടിൽ കൂടുതൽ ലോഡ് വരുമ്പോൾ നിയന്ത്രണം വേണ്ടിവരുന്നത് ഇതു കൊണ്ടാണ്.
മണ്ണുത്തിയിൽ നേരത്തെ തന്നെ പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനുള്ള നടപടി പവർഗ്രിഡുമായി ചേർന്ന് വൈദ്യുതി ബോർഡ് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു.
Content Highlights: Kerala's power crisis is caused by substation transformer limitations, not just generation shortage., Peak demand has reached 6,195 MW, exceeding current grid distribution capabilities., The Mannuthy HVDC substation is restricted to 500 MVA load due to National Grid safety protocols., Infrastructure upgrades are not expected until 2027, ensuring the crisis persists through 2026., Lack of proactive planning for additional transformer capacity at key substations.
Published: 30 Apr 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented