കോഴിക്കോട്: സ്‌പ്രിന്റർമാരെ ആർക്കും സൃഷ്ടിക്കാനാകില്ല. അത് ജന്മസിദ്ധമായ കഴിവാണ്. ദൃഢനിശ്ചയം, വിശ്വസ്തത, കഠിനാധ്വാനം എന്നിവയിലൂടെ മാത്രമേ ഒരു യഥാർഥ സ്‌പ്രിന്ററാകാൻ കഴിയൂ. ചരിത്രത്തിൽനിന്ന് തന്നെ ഒരിക്കലും മായ്ച്ചുകളയാനാകില്ലെന്നും അന്താരാഷ്ട്ര സ്‌പ്രിന്റർ ബെൻ ജോൺസൺ. കേരള അന്താരാഷ്ട്ര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

തുടക്കകാലംമുതലേ കായികമേഖലയിൽ എല്ലാം കച്ചവടമാണെന്നും ട്രാക്കുകളിൽ ഇന്നും കാണുന്നത് മോശം പ്രവണതകളാണെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റുകളെന്ന അടിമകളാണ് ട്രാക്കിങ് ഫീൽഡുകൾ കെട്ടിപ്പടുത്തത്. അവരാണ് സംഘടനകളെയും സ്പോൺസർമാരെയും പണക്കാരാക്കിയത്. എന്നാൽ, ആരെങ്കിലും ഉത്തേജകമരുന്നുപരിശോധനയിൽ തെറ്റായി പിടിക്കപ്പെട്ടാൽപ്പോലും മോശം പേര് താരങ്ങൾക്കുമാത്രമാണ് ലഭിക്കുന്നത്. ഉത്തേജകമരുന്നുപയോഗിക്കുന്നത് ഒരാളെയും സ്പോർട്‌സിൽ വലിയവനാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായികതാരങ്ങൾ വിജയിക്കുന്നതും പരാജയപ്പെടുന്നതും മാത്രമാണ് എല്ലാവരും കാണുന്നത്. ആഴ്ചയിൽ ആറുദിവസവും പരിശീലനത്തിനായി മാറ്റിവെക്കുന്ന വർഷങ്ങളോളമുള്ള ജീവിതം ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. മെഡലുകൾ നേടുന്നതിലുപരി മത്സരങ്ങളിൽ പങ്കെടുക്കുക, ആളുകളെ കണ്ടുമുട്ടുക, സംവാദങ്ങളിലേർപ്പെടുക, പുതിയ ഇടങ്ങളിലെത്തുക, പുതിയ സംസ്കാരങ്ങളുടെ ഭാഗമാവുക തുടങ്ങിയവയിലാണ് മനുഷ്യനെന്നനിലയിൽ യഥാർഥ നേട്ടമിരിക്കുന്നത്. ജീവിതത്തിൽ എന്തിനെയെങ്കിലും അമിതമായി സ്നേഹിച്ചാൽ എല്ലാകാര്യങ്ങളും എളുപ്പത്തിൽ നമ്മിലേക്ക് വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.

മെഡലുകൾ നേടിയപ്പോൾ തന്നെ വാഴ്ത്തിയ തന്റെരാജ്യമായ കാനഡ മെഡലുകൾ തിരിച്ചെടുത്തപ്പോൾ തന്നെ ജമൈക്കക്കാരനെന്നാണ് വിളിച്ചതെന്നും ബെൻ പറഞ്ഞു. ഇന്ത്യയിൽ മുൻപ് രണ്ടുതവണ വന്നിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണെത്തുന്നത്. ഇന്ത്യ എന്നും തന്നെ ഇരുകൈയുംനീട്ടി സ്വീകരിച്ചിട്ടുണ്ട്. കർക്കശക്കാരനായ പരിശീലകനായാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കാൾ ലൂയിസുമായി സംസാരിക്കാറില്ല’

തന്റെ മുഖ്യ എതിരാളിയായിരുന്ന അമേരിക്കൻ സ്‌പ്രിന്റർ കാൾ ലൂയിസുമായി ഇപ്പോഴും സംസാരിക്കാറില്ലെന്ന് ബെൻ ജോൺസൺ പറഞ്ഞു. ഞങ്ങൾ സുഹൃത്തുക്കളല്ല, ഞാൻ ചെയ്ത കുറ്റത്തിനല്ല 1988-ൽ ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടത്. എന്റെ സംഘത്തിലും പുറത്ത് കാൾ ലൂയിസിന്റെ ഒപ്പമുള്ളവർക്കുമെല്ലാം എന്നോട് അസൂയയായിരുന്നു. അതാണ് പ്രശ്നങ്ങളിലേക്കുനയിച്ചത്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. എന്നെ ചതിച്ചവർക്ക് ഹൃദയവും വികാരവുമില്ലെന്നെനിക്കറിയാം. ഇന്ന് അവർക്ക് രാത്രിയിൽ ഉറങ്ങാനാവുന്നുണ്ടാവില്ലെന്നും ബെൻ കൂട്ടിച്ചേർത്തു.