
കാൽവരിമൗണ്ട് (ഇടുക്കി): ദേവപ്രിയ ട്രാക്കിലോടി കഷ്ടപ്പെട്ടു നേടിയ ട്രോഫികളുടെയും മെഡലുകളുടെയും സ്ഥാനം ഇനി സഞ്ചിക്കുള്ളിലല്ല. പുതിയവീട്ടിൽ ഇതിനായി പ്രത്യേകമൊരുക്കിയ ഷെൽഫിൽ ലോകം കാൺകെ അത് തലയുയർത്തി ഇരിക്കും. കഴിഞ്ഞ സ്കൂൾ കായികമേളയിലെ വേഗറാണിയായിരുന്ന ദേവപ്രിയ ഷൈബുവിന് സി.പി.എം. നിർമിച്ച വീട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കൈമാറിയതോടെയാണിത്.
കാൽവരി എക്സ്പ്രസെന്ന് വിളിപ്പേര് കിട്ടിയ ദേവപ്രിയ മനസ്സിൽ സൂക്ഷിച്ച സ്വപ്നം സഫലമായ നിമിഷം. പ്രതിപക്ഷ നേതാവിനെ സാക്ഷിയാക്കി ദേവപ്രിയയുടെ അച്ഛൻ പാലത്തുംതലയ്‌ക്കൽ പി.കെ. ഷൈബുവും അമ്മ ബിസ്‌മിയും ചേർന്ന് പാലുകാച്ചി. കായികതാരമായ മൂത്തസഹോദരി ദേവനന്ദ, ഇളയ സഹോദരൻ ദേവാനന്ദ് എന്നിവരും അടുത്തുണ്ടായിരുന്നു. 'ദേവഭവൻ' എന്നാണ് വീടിന് പേരിട്ടത്. ദേവപ്രിയക്ക് വീട് നൽകുമെന്ന സി.പി.എം. ജില്ലാസെക്രട്ടറി സി.വി. വർഗീസിന്റെ പ്രഖ്യാപനം കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു. ഒരുവർഷം തികയും മുൻപ് തന്നെ വീടിന്റെ നിർമാണവും ഫിനിഷിങ് പോയിന്റ് കടന്നു. 2025 ഒക്ടോബർ 23-നാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്‍ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ദേവപ്രിയ റെക്കോഡ് തിരുത്തിയത്. 1987-ൽ കണ്ണൂർ സ്‍പോർട്സ് ഡിവിഷനിലെ ബിന്ദു മാത്യു കുറിച്ച റെക്കോഡാണ് തിരുത്തിയത്.
ഇതോടെയാണ് കാൽവരിമൗണ്ട് എച്ച്.എസ്.എസിലെ വിദ്യാർഥി കൂടിയായ ദേവപ്രിയ ശ്രദ്ധാകേന്ദ്രമായത്. അന്ന് ആഗ്രഹമെന്തെന്ന് ചോദിച്ചപ്പോൾ അടച്ചുറപ്പുള്ള, ട്രോഫികൾ വയ്ക്കാൻ ഇടയുള്ള വീട് വേണമെന്ന് ദേവപ്രിയ പറഞ്ഞു. ഇത് സി.പി.എം. ഏറ്റെടുത്തു. 25 ലക്ഷം രൂപ ചെലവിട്ട വീടിന് നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടെയുണ്ട്. അച്ഛനും അമ്മയും മൂന്നുമക്കളും ബന്ധുക്കളും ഉൾപ്പെടെ ഏഴുപേരായിരുന്നു മുൻപ് തുണികൊണ്ട് മറച്ച കൂരയിൽ ജീവിച്ചിരുന്നത്.
മുൻ മന്ത്രി എം.എം. മണി, സി.പി.എം. ജില്ലാസെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ദേവപ്രിയയുടെ കായികാധ്യാപകൻ ടിബിൻ ജോസഫ്, മുൻ എം.പി. ജോയ്‌സ് ജോർജ്, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.ജെ. മാത്യു, ഏരിയ സെക്രട്ടറി പി.ബി. സബീഷ്, സംഘാടകസമിതി ചെയർമാൻ റോമിയോ സെബാസ്‌റ്റ്യൻ, കൺവീനർ കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: CPM constructed a new Rs 25 lakh house named 'Devabhavan' for young athlete Devapriya., Devapriya broke the 1987 sub-junior 100m record at the state school sports meet in October 2025., The house keys were handed over in the presence of Opposition Leader Pinarayi Vijayan.
Published: 22 Aug 2026, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented