
കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2011 ഫൈനലില്‍ ലങ്കയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഉപ്പുൽ തരംഗയേയാകും അടുത്തതായി ചോദ്യം ചെയ്യുകയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയതോടെയാണ് ഈ വിഷയം ചര്‍ച്ചയാകുന്നത്. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്നു ഇദ്ദേഹം. മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കന്‍ കായികമന്ത്രാലയ സെക്രട്ടറി കെ.ഡി.എസ് റുവാന്‍ചന്ദ്ര അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തത്.
മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തില്‍ കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിര്‍ദേശപ്രകാരം കെ.ഡി.എസ് റുവാന്‍ചന്ദ്ര ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.
നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനിടെ മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിന് മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേല ജയവര്‍ധനെയും രംഗത്തെത്തിയിരുന്നു. ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കില്‍ ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തെത്തിയോ എന്നായിരുന്നു വിവാദത്തോട് ജയവര്‍ധനെയുടെ പ്രതികരണം. 'സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ'? ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.
Content Highlights: 2011 World Cup final fixing allegations Sri Lanka police questions Aravinda De Silva
Published: 01 Jul 2020, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented