ന്യൂഡല്‍ഹി: 2011-ഏകദിനലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഗൗതം ഗംഭീര്‍. കലാശപ്പോരില്‍ ശ്രീലങ്കയ്‌ക്കെതിരേ 97-റണ്‍സെടുത്ത ഗംഭീര്‍ ഇന്ത്യയെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. എന്നാല്‍ ടീമിനെ ജയത്തിലേക്കെത്തിക്കുന്നതിന് മുന്നേ താരം ഔട്ടായി. ചെളിപുരണ്ട ജേഴ്‌സിയില്‍ ഗംഭീര്‍ മടങ്ങുന്ന കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. നിറഞ്ഞ കയ്യടികളോടെയാണ് അന്ന് ഗംഭീര്‍ തിരിഞ്ഞുനടന്നത്. പിന്നീട് ക്രീസിലിറങ്ങിയ യുവ്‌രാജുമായി ചേര്‍ന്ന് മഹേന്ദ്ര സിങ് ധോനി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇപ്പോഴിതാ ഇന്നിങ്‌സിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം.

To advertise here,

അന്നത്തെ മത്സരം ഫിനിഷ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഗംഭീര്‍ പ്രതികരിച്ചത്. മറ്റൊരാള്‍ ചെയ്യുന്നതിനേക്കാള്‍ അത് തന്റെ ജോലിയായിരുന്നുവെന്ന് പറഞ്ഞ ഗംഭീര്‍ കരിയറില്‍  ഇന്ത്യയെ നയിച്ചതിനെ സംബന്ധിച്ചും പ്രതികരിച്ചു. ഒരു സെമിനാറിലാണ് ഗംഭീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

' ആ മത്സരം ഫിനിഷ് ചെയ്യാമായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. മറ്റൊരാളെ ഫിനിഷ് ചെയ്യാന്‍ വിടുന്നതിനേക്കാള്‍ അത് എന്റെ ജോലിയായിരുന്നു. കഴിഞ്ഞ കാലത്തേക്ക് പോകാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ ആ വിജയറണ്‍ കുറിച്ചേനെ.- ഗംഭീര്‍ പറഞ്ഞു.

താന്‍ എല്ലായിപ്പോഴും ആരാധകര്‍ക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഇന്ത്യയെ ആറ് മത്സരങ്ങളില്‍ നയിക്കാന്‍ സാധിച്ചെന്നും കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 

അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിനെ അപ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗംഭീറിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു. വി രാമനേയും ബി.സി.സി.ഐ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരേയും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു. എന്നാല്‍ രണ്ടുപേരേയും ഇന്ത്യയുടെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യ പരിശീലകനായി ഗംഭീര്‍ എത്തുമ്പോള്‍ ബാറ്റിങ് കോച്ചിന്റെ റോളായിരിക്കും ഡബ്ല്യു. വി രാമനെന്നാണ് സൂചന.

നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിയും. കഴിഞ്ഞവർഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു. മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.