ഡാലസ്: ലോകകപ്പിലെ ഗ്ലാമർ സെമി പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. കരുത്തരായ ഫ്രാൻസും സ്പെയിനും നേർക്കുനേർ വരുമ്പോൾ സെമി ഫൈനൽ ആവേശം വാനോളമുയരും. യൂറോപ്യൻ ചാമ്പ്യന്മാർക്ക് മിന്നും ഫോമിൽ കളിക്കുന്ന എംബാപ്പെയെയും സംഘത്തെയും വീഴ്ത്താനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫ്രാൻസിനെ തോൽപ്പിക്കാൻ സാധിക്കുന്ന ഏക ടീം സ്പെയിനാണെന്നാണ് മുൻ ആഴ്സനൽ കോച്ച് ആഴ്സൻ വെങ്ങർ അഭിപ്രായപ്പെട്ടത്.

To advertise here,

ലോകകപ്പ് വിജയിക്കാൻ സാധ്യതയുള്ള ടീം ഫ്രാൻസാണെന്ന് പറഞ്ഞ വെങ്ങർ, ലോകകപ്പിൽ ഏതെങ്കിലും ടീം ഫ്രാൻസിനെ തോൽപ്പിക്കുന്നുണ്ടെങ്കിൽ അത് സ്പെയിനായിരിക്കുമെന്നും പ്രതികരിച്ചു. എന്നെ സംബന്ധിച്ച് സ്‌പെയിനാണ് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിയുന്ന ഒരു ടീമുണ്ടെങ്കിൽ അത് സ്‌പെയിനാണ്. ടെക്‌നിക്കൽ തലത്തിൽ ഫ്രാൻസിനെക്കാൾ സ്‌പെയിനാണ് മുന്നിട്ടുനിൽക്കുന്നത്. അവർ ഒത്തൊരുമിച്ച് കളിക്കുന്നവരാണ്. അങ്ങനെ കളിക്കുന്ന മറ്റൊരു ടീം നിലവിലില്ല. എന്നാൽ ഫ്രാൻസാണ് കൂടുതൽ കരുത്തർ. - വെങ്ങർ പറഞ്ഞു.

അതേസമയം ഫ്രാൻസുമായുള്ള സെമി മത്സരത്തെ കുറിച്ച് കൗമാരതാരം ലാമിൻ യമാലും പ്രതികരിച്ചു. തങ്ങൾക്ക് ഭയമില്ലെന്നും എന്നാൽ ഫ്രാൻസ് ലോകകപ്പിൽ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ അത് സ്പെയിനായിരിക്കുമെന്നും യമാൽ പറഞ്ഞു.

"ഫ്രാൻസ് ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ അത് ഞങ്ങളെയാണ്. ഞങ്ങൾ അവരെ നേരത്തെ പുറത്താക്കിയിട്ടുണ്ട്. ഞങ്ങൾ അവരെ രണ്ടുതവണ തോൽപ്പിച്ചിട്ടുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, ലോകകപ്പിലെ രണ്ട് മികച്ച ടീമുകൾ ഞങ്ങളാണെന്ന് ഞാൻ കരുതുന്നു. അതിനാൽ എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം, പക്ഷേ ഞങ്ങൾക്കൊട്ടും ഭയമില്ല." - യമാൽ കൂട്ടിച്ചേർത്തു.

ക്വാർട്ടറിൽ ബെൽജിയത്തിനെതിരേ 2-1 നാണ് സ്പാനിഷ് ടീമിന്റെ ജയം. ഫാബിയൻ റൂയിസും മിക്കെൽ മെറീനോയും ‍സ്പെയിനിനായി വലകുലുക്കി. ചാൾസ് ഡി കെറ്റലാറെയുടെ വകയാണ് ബെൽജിയത്തിന്റെ ഗോൾ. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ചുനിന്നാണ് മുൻചാമ്പ്യൻമാരായ സ്‌പെയിൻ അവസാന നാലിലേക്ക് കടന്നത്. 2010-ന് ശേഷം ആദ്യത്തെ സെമി പ്രവേശനം. അതേസമയം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ഫ്രാൻസ് സെമിയിലെത്തുന്നത്. 2018 ൽ കിരീടം നേടിയ ഫ്രാൻസ് 2022 ൽ റണ്ണേഴ്സപ്പായി. ലോകകപ്പിൽ സ്ഥിരതയോടെ കളിക്കുന്ന സംഘം ഇക്കുറിയും കിരീടം നേടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഒട്ടുമിക്ക ഫുട്ബോൾ നിരീക്ഷകരുടെയും വിലയിരുത്തൽ.