മഞ്ചേരി: വിവാഹം പിന്നീടായാലും കുഴപ്പമില്ല. കളിക്കളത്തിൽ കഴിവുതെളിയിക്കാനുള്ള ഈ സമയം നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുകിട്ടില്ല. സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിലെ ടീമായ തിരുവനന്തപുരം കൊമ്പൻസ് എഫ്‌.സി. ഗോൾ കീപ്പർ ഹർഷ് രാജേഷ് പാട്ടീലിന്റെ നയം അതാണ്. വിവാഹ ആഘോഷങ്ങൾക്ക് അവധിനൽകിയാണ് ഈ 25-കാരൻ കൊമ്പൻസിന്റെ വലകാക്കാൻ ഇറങ്ങുന്നത്. കൊൽക്കത്തയിലെ തന്റെ വിവാഹത്തിനുമുൻപുള്ള ആഘോഷങ്ങൾ മാറ്റിവെച്ചാണ് ഹർഷ് പുതിയ ക്ലബ്ബിൽ ചേർന്നത്.

To advertise here,

മുംബൈയിലെ ചെമ്പൂർ സ്വദേശിയായ ഹർഷിന്റെ കുടുംബത്തിന് ഇന്ത്യൻ കായികരംഗവുമായി അടുത്ത ബന്ധമുണ്ട്. അച്ഛൻ രാജേഷ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ സുഹൃത്തും സ്കൂൾ ടീമിലെ സഹകളിക്കാരനുമായിരുന്നു. അമ്മ രുപാലി സംഗീതജ്ഞയും.

ഹർഷ് കഴിവുതെളിയിച്ചത് ഫുട്ബോളിലായിരുന്നു. സ്കൂൾ കോച്ചിന്റെ പ്രേരണയിലാണ് അത്‌ലറ്റിക്സിൽനിന്ന് ഫുട്ബോളിലെത്തിയത്. വൈകാതെ ഗോൾകീപ്പിങ്ങിൽ മികവുകാട്ടി. ഡൽഹി ഡൈനാമോസ്, െബംഗളൂരു എഫ്‌.സി., ശ്രീനിധി ഡെക്കാൻ തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചു. ഐ ലീഗ് രണ്ടാംഡിവിഷൻ മത്സരങ്ങളിലൂടെ പ്രശസ്തി നേടി. കൊൽക്കത്തയിൽ വിവാഹ നിശ്ചയത്തിന്റെ ആഘോഷങ്ങൾക്കിടെയാണ് കൊമ്പൻസ് ടീമിലെടുത്തത്. മാലദ്വീപിൽ ഷെഫായ പ്രതിശ്രുതവധു റിമി മൊണ്ടലിന്റെ പിന്തുണയും ഹർഷിനുണ്ട്. മോഹൻ ബഗാൻ ടീമിന്റെ ആരാധികയാണ് റിമി. പരിക്കിനെത്തുടർന്ന് മാറിനിൽക്കേണ്ടിവന്ന ഗോൾകീപ്പർ പവൻ കുമാറിനു പകരമായി കളത്തിലിറങ്ങിയ ഹർഷ് കൊമ്പൻസിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു.