ഭുവനേശ്വര്‍: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹയാകുന്ന താരത്തിന് ലഭിക്കുന്നത് സമ്മാനത്തുകയായി വെറും 5000 രൂപ. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരത്തിനാണ് സമ്മാനം ലഭിക്കുക. ഇത്രയും ചെറിയ തുക സമ്മാനമായി നല്‍കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. 

To advertise here,

ഗോകുലം കേരള വനിതാ ടീമിന്റെ മത്സരത്തിനുശേഷമാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. മത്സരത്തില്‍ ഗോകുലം സിര്‍വോഡം ക്ലബ്ബിനെ എതിരില്ലാത്ത നാല്‌ഗോളിന് തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ ഇന്ത്യന്‍ ദേശീയ ടീം അംഗമായ സൗമ്യ ഗുഗുലോത്താണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 

സൗമ്യയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സൗമ്യയ്ക്ക് ലഭിച്ചതാകട്ടെ വെറും 5000 രൂപയും. ഒരു ഫുട്‌ബോള്‍ താരത്തെ അപമാനിക്കുന്നതിന് പരിധിയുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമ്മാനത്തുകയായി 5000 രൂപ നല്‍കുന്നത് നാണക്കേടാണെന്നും ചൂണ്ടിക്കാണിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐ.എസ്.എല്ലില്‍ പുരുഷതാരങ്ങള്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ വനിതാ ഫുട്‌ബോളര്‍മാരെ തരംതാഴ്ത്തുകയാണ്. 

നിലവില്‍ വനിതാ ലീഗില്‍ പരാജയമറിയാതെ മുന്നേറുന്ന ഗോകുലം ഇത്തവണയും കിരീടം നേടുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ സീസണില്‍ ഗോകുലം തന്നെയാണ് ചാമ്പ്യന്മാരായത്.