ജിറോണ: സ്പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിനെ നാണംകെടുത്തി ജിറോണ. താരതമ്യേന ദുര്‍ബലരായ ജിറോണ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് റയലിനെ അട്ടിമറിച്ചത്.
ടാറ്റി കാസ്‌റ്റെല്ലനോസ് ഹാട്രിക്ക് അടക്കം നേടിയ നാല് ഗോളുകളാണ് ജിറോണയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. മറുവശത്ത് റയലിനായി വിനീഷ്യസ് ജൂനിയറും ലൂക്കാസ് വാസ്‌ക്വെസും ലക്ഷ്യം കണ്ടു. ജിറോണയില്‍ വായ്പാ അടിസ്ഥാനത്തിലാണ് കാസ്റ്റെല്ലനോസ് കളിക്കുന്നത്. താരം ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയില്‍നിന്നാണ് ജിറോണയില്‍ വായ്പാ അടിസ്ഥാനത്തിലെത്തിയത്. അര്‍ജന്റീന താരമാണ് കാസ്റ്റെല്ലനോസ്. 1947-ന് ശേഷം ഇതാദ്യമായാണ് ഒരു താരം ലാ ലിഗയില്‍ റയലിനെതിരേ നാല് ഗോള്‍ അടിക്കുന്നത്.
ഈ തോല്‍വി റയലിന്റെ കിരീടപ്പോരാട്ടത്തിന് ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 31 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ് റയല്‍. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്‌സലോണ 76 പോയന്റുമായി മുന്നിലുണ്ട്. അടുത്ത മത്സരത്തില്‍ ബാഴ്‌സ വിജയിച്ചാല്‍ ഇരുടീമുകളും തമ്മിലുള്ള പോയന്റ് വ്യത്യാസം 14 ആയി ഉയരും. ഇനി വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് റയലിന് മുന്നിലുള്ളത്.
മത്സരം തുടങ്ങി 12-ാം മിനിറ്റില്‍ തന്നെ കാസ്റ്റെല്ലനോസ് ആദ്യ വെടി പൊട്ടിച്ചു. ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. പിന്നാലെ 24-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ കാസ്റ്റെല്ലനോസ് വീണ്ടും റയലിനെ ഞെട്ടിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഹെഡ്ഡറിലൂടെ റയലിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 2-1 ന് ജിറോണ സ്വന്തമാക്കി.
രണ്ടാം പകുതിയിലും ജിറോണയുടെ ആക്രമണത്തിന് ഒരു കുറവുമുണ്ടായില്ല. 46-ാം മിനിറ്റില്‍ തന്നെ കാസ്‌റ്റെല്ലനോസിലൂടെ ജിറോണ മൂന്നാം ഗോള്‍ നേടി. ഈ ഗോളിന്റെ ബലത്തില്‍ താരം ഹാട്രിക്ക് തികച്ചു. 62-ാം മിനിറ്റില്‍ വീണ്ടും ഹെഡ്ഡറിലൂടെ വലകുലുക്കി കാസ്റ്റെല്ലനോസ് ജീറോണയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ചു. 85-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വെസ് റയലിനായി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമയമേറെ വൈകിയിരുന്നു. ഇതോടെ എന്നും ഓര്‍മിക്കാവുന്ന വിജയത്തിലൂടെ ജിറോണ മത്സരം സ്വന്തമാക്കി.
Content Highlights: Taty Castellanos scores four goals as Girona beats Real Madrid
Published: 26 Apr 2023, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented