റിയോ ഡി ജനീറോ: റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധമറിയിച്ച് ബ്രസീല്‍. 

To advertise here,

സ്പാനിഷ് അംബാസഡര്‍ക്ക് മുന്നില്‍ പ്രതിഷേധമറിയിച്ച ബ്രസീല്‍ സര്‍ക്കാര്‍ ലാ ലിഗ അധികൃതര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി പരാതി നല്‍കും. വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചത്. സംഭവത്തില്‍ സ്പാനിഷ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സില്‍വ പ്രതിഷേധമറിയിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന താരമായ വിനീഷ്യസ് ബ്രസീലിലെ വെള്ളപ്പൊക്കത്തില്‍ സാധാരണക്കാര്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്ത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരത്തിലുടനീളം വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ ഗാലറിയില്‍ ഇരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.

അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. എന്നാല്‍ ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി കയ്യാങ്കളിയിലേര്‍പ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.