കളത്തിലൂം ഗ്യാലറിയിലും ആവേശം വിതറിയ സൂപ്പര്‍ ലീഗ് ഒറ്റ സീസണ്‍ കൊണ്ടു തന്നെ കേരള ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുകയായിരുന്നു.

സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണില്‍ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫോഴ്സാ കൊച്ചി എഫ്.സിയെ തോൽപ്പിച്ച് ജേതാക്കളായ കാലിക്കറ്റ് എഫ്.സി. ടീമിൻ്റെ ആഹ്ളാദം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി (ഫയല്‍ ചിത്രം)
ആറു ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒക്ടോബര്‍ രണ്ടു മുതല്‍ കളി കാര്യമാകും. നിലവിലുള്ള ചാംപ്യന്‍മാരായ കോഴിക്കോട് എഫ്.സി. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ അവര്‍ പരാജയപ്പെടുത്തിയ ഫോഴ്സ കൊച്ചിയെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നേരിടുമ്പോള്‍ സൂപ്പര്‍ ലീഗ് കേരളയുടെ (എസ്എല്‍കെ) രണ്ടാം സീസണ് ആവേശകരമായ തുടക്കമാകും.
1983ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തോടെ ദേശീയതലത്തില്‍ പ്രബലമായ ക്രിക്കറ്റ് സംസ്കാരം 1985ലെ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷിപ് വിജയത്തോടെയും ആ ടൂര്‍ണമെന്‍റിന്‍റെ ടെലിവിഷനിലൂടെയുള്ള തല്‍സമയ സംപ്രേഷണത്തിലൂടെയും കേരളത്തിലും ആഴത്തില്‍ വേരൂന്നുകയായിരുന്നു. അതുവരെ സമ്പന്നരുടെ കളിയായിരുന്ന ക്രിക്കറ്റിലേക്ക് സാധാരണക്കാരും ആകൃഷ്ടരായി. ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ മാത്രം നടന്നിരുന്ന ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ പതിവായി.
ഒരുപക്ഷേ, അതുവരെ ഫുട്ബോള്‍ ഭ്രാന്തന്‍മാരായിരുന്ന കേരളീയരെ ക്രിക്കറ്റിലേക്ക് വഴി തിരിച്ചുവിട്ടത് ഇന്ത്യയുടെ ഈ രണ്ടു കിരീടനേട്ടങ്ങളായിരുന്നു. ചെറുപ്പക്കാരുടെ മേല്‍ ഫുട്ബോളിനുണ്ടായ ആധിപത്യം ഇതോടെ നഷ്ടമാവുകയും കേരളത്തിലെ പ്രധാന കായികവിനോദമായി ക്രിക്കറ്റ് മാറുകയും ചെയ്തു. ഫെഡറേഷന്‍ കപ്പ്, നാഗ്ജി കപ്പ് എന്നിവ പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകള്‍ ഇല്ലാതായതും കളിക്കാനും കളി കാണാനും അവസരങ്ങളില്ലാതാക്കി. പക്ഷേ, അപ്പോഴും കേരളത്തിലെ ഗ്രൗണ്ടുകളില്‍ പന്തുരുളുന്നുണ്ടായിരുന്നു. കുറെയേറെ ചെറുപ്പക്കാര്‍ ആവേശത്തോടെ പന്തു തട്ടുന്നുമുണ്ടായിരുന്നു. അവസരങ്ങളുടെ അഭാവമൊന്നും കളിക്കമ്പക്കാരെ അലട്ടിയില്ല. അവര്‍ ക്രിക്കറ്റിന്‍റെ അതിപ്രസരത്തെ പന്തടിച്ചു ചെറുത്തുകൊണ്ടിരുന്നു.
പക്ഷേ, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരവോടെ വീണ്ടും കളി മാറി. കൂടുതല്‍ ക്ളബ്ബുകള്‍ വരുകയും കളിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാനും തുടങ്ങിയതോടെ കാണികള്‍ കളി കാണാന്‍ വീണ്ടും എത്തിത്തുടങ്ങി. വിദേശ താരങ്ങളുടെയും കോച്ചുകളുടെയും സാന്നിദ്ധ്യം കളിയുടെ നിലവാരം ഉയര്‍ത്താന്‍ സഹായകമായി. എങ്കിലും ലോകഫുട്ബോള്‍ ഭൂപടത്തില്‍ ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം ദയനീയമായ വിധത്തില്‍ പിന്നില്‍ തന്നെയാണ്. ഏഷ്യയില്‍ പോലും ഗണ്യമായ ഒരു ഫുട്ബോള്‍ ശക്തിയാവാന്‍ കഴിയാത്തതിന്‍റെ കാരണങ്ങള്‍ തേടി കളിയുടെ കാര്യക്കാര്‍ തല പുകയ്ക്കുന്നുമുണ്ട്.
ആഭ്യന്തര മല്‍സരങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ഫുട്ബോളിന്‍റെ പുരോഗതി സാധ്യമാവൂ എന്ന തിരിച്ചറിവാണ് ഐഎസ്എലിന്‍റെ പിറവിക്കു കാരണം. സ്വന്തം ടീമുകളുടെ കളി കാണുന്നതിനായി അതത് പ്രദേശങ്ങളിലെ കാണികള്‍ കൂട്ടമായി സ്റ്റേഡിയങ്ങളിലേക്കെത്തിയത് കളിക്കാര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആവേശം പകരുന്നതായിരുന്നു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഒരുപക്ഷേ, കേരള ബ്ളാസ്റ്റേഴ്സ് ആയിരിക്കും. അവരുടെ മല്‍സരങ്ങള്‍ കാണുന്നതിനായി, വിശേഷിച്ചും ഹോം മല്‍സരങ്ങള്‍ കാണുന്നതിനായി, കാണികള്‍ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറി. കാണികളുടെ ഈ ആവേശമായിരിക്കാം, കേരളത്തിന് സ്വന്തമായി ഒരു ആഭ്യന്തര ലീഗ് എന്ന ആശയത്തിലേക്ക് കേരള സൂപ്പര്‍ ലീഗിന്‍റെ സംഘാടകരെ നയിച്ചത്.
പുതുജീവന്‍ നേടിയ കേരളത്തിലെ ഫുട്ബോള്‍ യുവത്വത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കെസിഎല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള ആരംഭിച്ചത്. കളത്തിലൂം ഗ്യാലറിയിലും ആവേശം വിതറിയ സൂപ്പര്‍ ലീഗ് ഒറ്റ സീസണ്‍ കൊണ്ടു തന്നെ കേരള ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുകയായിരുന്നു.
ആദ്യ സീസണിലെ പോലെ ഇത്തവണയും ആറ് ടീമുകളാണ് ഒക്ടോബര്‍ രണ്ടിനു തുടങ്ങുന്ന രണ്ടാം സീസണില്‍ ശക്തി പരീക്ഷിക്കുക. നിലവിലുള്ള ചാംപ്യന്‍മാരായ കാലിക്കറ്റ് എഫ് സിയെ കൂടാതെ കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ്പായ ഫോഴ്സ കൊച്ചി, സെമി ഫൈനലിസ്റ്റുകളായ കണ്ണൂര്‍ വാറിയേഴ്സ്, തിരുവനന്തപുരം കൊമ്പന്‍സ്, പിന്നെ മലപ്പുറം എഫ് സി, തൃശൂര്‍ മാജിക് എന്നീ ടീമുകളും ഇത്തവണയും കിരീട പോരാട്ടത്തിനായി രംഗത്തുണ്ട്.
കളിയുടെയും കളിക്കാരുടെയും നിലവാരം ഉയര്‍ത്തുന്നതിനായി ശക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എസ്എല്‍കെ നല്‍കിയിട്ടുണ്ട്. ടീമുകള്‍ നിര്‍ബന്ധമായും ഒരു വിദേശ കോച്ചിനെ നിയമിക്കണം എന്ന നിബന്ധനയാണ് അതില്‍ പ്രധാനപ്പെട്ടത്. 11 കളിക്കാര്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍ നാലു വിദേശ കളിക്കാരെ ഉള്‍പ്പെടുത്തണം എന്നും സംഘാടകര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. കൂടാതെ മൂന്നു മലയാളി താരങ്ങളും കളത്തില്‍ ഉണ്ടായിരിക്കണം. അതില്‍ രണ്ടു പേര്‍ 23 വയസിനു താഴെയുള്ളവരുമായിരിക്കണം എന്നുമുണ്ട്.
‘വിദേശ കളിക്കാരുടെയും കോച്ചിന്‍റെയും സാന്നിധ്യം കളിയുടെ നിലവാരം ഉയര്‍ത്തും. മലയാളി യുവാക്കള്‍ക്ക് അവസരം നല്‍കുന്നതു വഴി കേരളത്തിലെ മികച്ച പ്രതിഭകള്‍ക്ക് ഫുട്ബോളിന്‍റെ മുഖ്യധാരയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കാന്‍ കഴിയും,’ എസ്എല്‍കെ സിഇഒ മാത്യു ജോസഫ് പറഞ്ഞു.
‘സൂപ്പര്‍ ലീഗിലൂടെ പ്രതിഭാധനരായ ചെറുപ്പക്കാര്‍ക്ക് അവസരമൊരുക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷം 90 മലയാളി താരങ്ങള്‍ ആറു ടീമുകളുമായി കരാറിലേര്‍പ്പെട്ടു. ഇവര്‍ക്ക് മികച്ച പരിശീലനം ലഭിക്കാനും വിദേശ കളിക്കാരുടെ കൂടെ കളിക്കാനുമുള്ള അവസരവും ലഭിച്ചു. കളിയെക്കുറിച്ചുള്ള സാങ്കേതികമായ അറിവും ഇതിലൂടെ കളിക്കാര്‍ക്ക് ലഭിക്കുന്നു. കേരളത്തില്‍ ഫുട്ബോളിന്‍റെ കളിനിലവാരം അതിവേഗം ഉയരുകയാണ്,’ മാത്യു ജോസഫ് പറഞ്ഞു.
ലീഗിലെ ആറ് ക്ലബ്ബുകളിൽ മൂന്ന് ക്ലബ്ബുകളും സ്പാനിഷ് പരിശീലകരെ നിയോഗിച്ചപ്പോൾ, മറ്റുള്ളവർ അർജന്‍റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ഫുട്ബോൾ തന്ത്രജ്ഞരെയാണ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
കണ്ണൂർ വാറിയേഴ്സ് മാത്രമാണ് ആദ്യ സീസണിലെ പരിശീലകനെ നിലനിർത്തിയ ഏക ക്ലബ്. കഴിഞ്ഞ വർഷം സെമിഫൈനലിലേക്ക് ടീമിനെ നയിച്ച സ്പാനിഷ് തന്ത്രജ്ഞൻ മാനുവൽ സാഞ്ചസ് മുരിയസിനെയാണ് കണ്ണൂർ ഇക്കുറിയും തങ്ങളുടെ താരങ്ങളെ നയിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രതീക്ഷകൾക്കൊത്ത് ആദ്യ സീസണില്‍ തിളങ്ങാൻ കഴിയാതെപോയ മലപ്പുറം എഫ്. സി, പനാമൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുള്ള 34 വയസ്സുകാരനായ യുവ സ്പാനിഷ് മാനേജർ മിഗ്വൽ കോറലിനെയാണ് തങ്ങളുടെ സീസൺ 2 വിന്റെ പ്രതീക്ഷകൾക്ക് കരുത്തേകാൻ എത്തിച്ചിട്ടുള്ളത്. സീസൺ 1 കിരീടം കൈയകലെ നഷ്ടപെട്ട ഫോഴ്‌സ കൊച്ചിയും സ്പാനിഷ് കരുത്തിൽ വിശ്വാസമർപ്പിച്ചാണ് മിക്കൽ ലാഡോ പ്ലാനയെ തങ്ങളുടെ വിജയ യാത്രയ്ക്ക് നേതൃത്വം നൽകാനും, കിരീടത്തിലേക്ക് നയിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി അർജന്റീനിയൻ കോച്ച് എവർ അഡ്രിയാനോ ഡെമാൽഡെയെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത. 44 വയസ്സുകാരനായ എവറിന് ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്സെയ്‌ക്കൊപ്പവും സൗദി അറേബ്യൻ ദേശീയ ടീമിനൊപ്പവും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. തിരുവനന്തപുരം കൊമ്പൻസ് തങ്ങളെ പരിശീലിപ്പിച്ച ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്സാണ്ടറിന് പകരം ഇംഗ്ലീഷ് മാനേജർ ജെയിംസ് മക്അലൂണിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, ഉദ്ഘാടന സീസണിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെ പോയ തൃശ്ശൂർ മാജിക് എഫ് സി , റഷ്യക്കാരനായ ആൻഡ്രെയ് ചെർണിഷോവുമായി കരാറിലെത്തിയിട്ടുണ്ട്. മുഹമ്മദൻ എസ്‌സിയെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ചെർണിഷോവ്, മുഹമ്മദൻ എസ് സി യെ ഐ-ലീഗ് കിരീടത്തിലേക്കും ഒടുവിൽ ഐഎസ്‌എല്ലിലേക്ക് നയിച്ചതും 57കാരനായ ചെർണിഷോവാണ്.
ലോക ക്ളബ് ഫുട്ബോള്‍ ലീഗുകളുടെ മാതൃകയിലാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓരോ ടീമും പരസ്പരം രണ്ടു മല്‍സരങ്ങള്‍ കളിക്കും. ആദ്യത്തെ മല്‍സരം ഹോം ഗ്രൗണ്ടിലും രണ്ടാമത്തെ മല്‍സരം എവേ മാച്ച് ആയിട്ടും. ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും.
കഴിഞ്ഞ തവണ തൃശൂരിനും കണ്ണൂരിനും ഹോം ഗ്രൗണ്ട് ഉണ്ടായിരുന്നില്ല. ഇത്തവണ എല്ലാ ടീമുകള്‍ക്കും ഹോം ഗ്രൗണ്ട് ഉണ്ട്.
‘ഫുട്ബോള്‍ മല്‍സരം കാണുന്നതിനായി കാണികളെ വീണ്ടും കൂട്ടമായി ഗ്യാലറിയിലേക്കെത്തിക്കുവാന്‍ സൂപ്പര്‍ ലീഗിലൂടെ സാധിച്ചു എന്നത് ഒരു വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം വലിയ ജനക്കൂട്ടമാണ് കളികള്‍ കാണുന്നതിനായി എത്തിയത്. കോഴിക്കോട്ട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാനായി ഏതാണ്ട് നാല്‍പ്പതിനായിരം പേരാണ് എത്തിയത് ’ സൂപ്പര്‍ ലീഗ് കേരള എംഡി ഫിറോസ് മീരാന്‍ പറഞ്ഞു. ഇത്തവണയും ആദ്യ മല്‍സരം ഇതേ വേദിയില്‍ തന്നെയാണ് അരങ്ങേറുക. കഴിഞ്ഞ തവണത്തെ ഫൈനലിന്‍റെ ആവര്‍ത്തനം പോലെ കോഴിക്കോടും കൊച്ചിയും തന്നെ കിക്കോഫിനു തുടക്കമിടും.
ഏതാണ്ട് മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഡിസംബര്‍ മധ്യത്തോടെ നടക്കും. ഫൈനലിന്‍റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.
Published: 29 Sept 2025, 08:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented