സംസ്ഥാന ടീമില്ല അന്ന്. തിരുക്കൊച്ചിയാണ് മലയാളനാടിന്റെ പ്രതിനിധി. 1953-54 ലെ കൊൽക്കത്ത നാഷണൽസിൽ പങ്കെടുക്കാൻ ടീം തയ്യാറെടുത്തു വരുമ്പോഴാണ് ഇടിത്തീ പോലെ അഖിലേന്ത്യാ ഫെഡറേഷന്റെ പ്രഖ്യാപനം. 'സന്തോഷ് ട്രോഫിയിൽ ഇനി നഗ്‌നപാദ ഫുട്‌ബോളില്ല. നിർബന്ധമായും ബൂട്ടണിഞ്ഞ് വേണം കളിക്കാൻ.' തലേ വർഷത്തെ (1952) ഹെൽസിങ്കി ഒളിമ്പിക്‌സിലെ നഗ്‌നപാദ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം കണക്കിലെടുത്തായിരുന്നു ആ വിപ്ലവാത്മക തീരുമാനം.

To advertise here,

ജീവിതത്തിലന്നുവരെ

ബൂട്ടിട്ട് കളിച്ചിട്ടില്ലാത്തവരായിരുന്നു തിരുക്കൊച്ചി ടീമിൽ ഭൂരിഭാഗവും. സ്വാഭാവികമായും ഫെഡറേഷന്റെ തീരുമാനം അവരെ ഞെട്ടിച്ചു, മാനസികമായി തളർത്തി. ടീമംഗങ്ങളിൽ ഒരാളായ ട്രാൻസ്പോർട്ട് താരം ആർ. ബാലകൃഷ്ണൻ (പിൽക്കാലത്ത് കേരളത്തിന്റെ നായകൻ) ആ അനുഭവം ഒരിക്കൽ ഓർത്തെടുത്തതിങ്ങനെ: 'സർക്കാർ മുൻകൈയെടുത്ത് വാങ്ങിത്തന്ന ബൂട്ടുകൾ ധരിച്ചാണ് ഞങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയത്. ആദ്യം ഉത്സാഹമായിരുന്നു. എന്നാൽ അധികം വൈകാതെ സ്ഥിതി മാറി. ആർക്കും ബൂട്ട്‌സിട്ട് ഓടാൻ പോയിട്ട് നടക്കാൻ പോലുമറിയില്ല. സർക്കസിൽ വലിച്ചുകെട്ടിയ കമ്പിയിലൂടെ ബാലൻസ് തെറ്റാതെ നടക്കാൻ ശ്രമിക്കുന്ന അഭ്യാസികളെ പോലെയായിരുന്നു ഞങ്ങളുടെ സ്ഥിതി. ഓടിത്തുടങ്ങിയാൽ ബാലൻസ് തെറ്റും, വീഴും. നടക്കാൻ പോലും വയ്യാത്തവർ കൊൽക്കത്തയിൽ പോയി എങ്ങനെ ഓടിക്കളിക്കും? എത്തും പിടിയും കിട്ടിയില്ല ഞങ്ങൾക്ക്.'

ടീമിന്റെ തയ്യാറെടുപ്പ് കാണാൻ തിരുക്കൊച്ചി ഫുട്‌ബോൾ അസോസിയേഷന്റെ സർവ്വസ്വവുമായ കേണൽ ഗോദവർമ രാജ എത്തുന്നത് ആ ഘട്ടത്തിലാണ്. സ്വന്തം കളിക്കാരുടെ ദയനീയ അവസ്ഥ കണ്ട് അദ്ദേഹം ചോദിച്ചു: 'ഇതെന്തേ എല്ലാവരും കാലിൽ ആണി തറച്ച മട്ടിൽ?' ജാള്യത്തോടെ തലകുനിച്ചു നിന്നു കളിക്കാർ. സത്യമറിഞ്ഞപ്പോൾ അവിടെ വെച്ചുതന്നെ ഒരു പ്രഖ്യാപനം നടത്തുന്നു ജി.വി. രാജ: 'ഇക്കുറി നമ്മൾ സന്തോഷ് ട്രോഫിക്ക് പോകുന്നില്ല. ബൂട്ടിട്ട് ശീലിച്ചശേഷം മതി നാഷണൽസിൽ പങ്കെടുക്കാൻ.'

അടുത്ത വർഷത്തെ മദ്രാസ് നാഷണൽസിൽ (1954-55) ഏറോൾ ഡിക്ളാസിന്റെ നേതൃത്വത്തിൽ ബൂട്ടണിഞ്ഞു പങ്കെടുത്ത തിരുക്കൊച്ചിക്ക് ആദ്യ മത്സരത്തിൽ തന്നെ ആതിഥേയരോട് രണ്ടു ഗോളിന് കീഴടങ്ങാനായിരുന്നു യോഗം. എന്നാൽ അടുത്ത വർഷം കളി മാറി. എറണാകുളത്ത് അരങ്ങേറിയ ടൂർണമെന്റിൽ ബോംബെയിൽ നിന്നെത്തിയ വി.എൻ. തോമസ് എന്ന പാപ്പച്ചന്റെ വിദഗ്ധ പരിശീലനത്തിന്റെ പിന്തുണയോടെ കളിച്ച തിരുക്കൊച്ചി തലേ വർഷത്തെ സെമിഫൈനലിസ്റ്റുകളായ ബിഹാറിനെ 5-1 ന് അട്ടിമറിച്ചാണ് ക്വാർട്ടറിൽ കടന്നത്. എം. വിൻസെന്റിന്റെ ഹാട്രിക്കായിരുന്നു മുഖ്യ ആകർഷണം. സന്തോഷ് ട്രോഫിയിൽ ഒരു മലയാളിയുടെ ആദ്യ ഹാട്രിക്ക്.

ക്വാർട്ടറിൽ ശക്തരായ ബംഗാളിനെ ഇന്ദ്രബാലന്റെ ഗോളിലൂടെ 1-1 ന് പിടിച്ചുകെട്ടിയ തിരുക്കൊച്ചി അടുത്ത ദിവസത്തെ റീപ്ലേയിൽ രണ്ടു ഗോളിന് പൊരുതിത്തോറ്റു. സന്തോഷ് ട്രോഫിയിൽ ഒരു കേരളീയ ടീമിന്റെ ആദ്യത്തെ എണ്ണം പറഞ്ഞ പ്രകടനം.

തിരുവനന്തപുരത്ത് നടന്ന അടുത്ത നാഷണൽസിൽ കഥ പഴയതുതന്നെ. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരേ ഡിക്ളാസിന്റെ ഗോളിന് മുന്നിൽ നിന്നശേഷം 1-2 തോൽവി. തൊട്ടടുത്ത വർഷം ഹൈദരാബാദിലാണ് (1957-58) സന്തോഷ് ട്രോഫിയിൽ കേരള സംസ്ഥാനത്തിന്റെ അരങ്ങേറ്റം. ഐക്യകേരളം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ നാഷണൽസിൽ ടീമിനെ നയിച്ചത് പേട്ട രവി. ഒപ്പം രാധാരമണൻ, ആർ. ബാലകൃഷ്ണൻ, ചിദാനന്ദൻ, വിൻസന്റ്, തമ്പി ജോർജ്ജ്, ഇന്ദ്രബാലൻ, ഒറ്റപ്പാലം ഹംസ, പാലക്കാട് ഹുസൈൻ തുടങ്ങിയ പ്രമുഖർ. ടീമിലെ ബേബിയായ തിരുവനന്തപുരം സ്വദേശി രാധാരമണന്റെ തകർപ്പൻ ഗോളിന് പ്രബലരായ മൈസൂരിനെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ അരങ്ങേറ്റം. ടൂർണമെന്റിന്റെ ചരിത്രത്തിൽ സംയുക്ത കേരള ടീമിന്റെ ആദ്യ ഗോൾ. എന്നാൽ ക്വാർട്ടറിൽ കേരളത്തിന് അടി തെറ്റി. അവസാന നിമിഷം വീണ ഗോളിന് കണ്ണൂർക്കാരൻ കെ. രാഘവൻ നയിച്ച സർവീസസിനോട് കീഴടങ്ങാനായിരുന്നു അവർക്ക് യോഗം.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ചരിത്രഗാഥ തുടങ്ങുന്നത് അവിടെ നിന്നാണ്. ഏഴ് പതിറ്റാണ്ടിലെത്തുന്ന സംഭവബഹുലമായ യാത്ര. പിന്നെയും പതിനഞ്ചു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു സംസ്ഥാന ടീമിന് സന്തോഷ് ട്രോഫി നേടാൻ. 1973-ൽ കൊച്ചിയിലായിരുന്നു കന്നിവിജയം. തുടർന്ന് ആറ് കിരീട നേട്ടങ്ങൾ കൂടി.

1946-ലെ ബാംഗ്ലൂർ നാഷണൽസിലാണ് തിരുവിതാംകൂറിന്റെ ലേബലിൽ ഒരു കേരളീയ ടീം ആദ്യമായി സന്തോഷ് ട്രോഫിയിൽ കളിക്കാനിറങ്ങിയത്. ദേശീയ ചാമ്പ്യൻഷിപ്പ് തുടങ്ങി അഞ്ചു വർഷമായിരുന്നതേ ഉള്ളൂ അപ്പോൾ. ആദ്യ മത്സരത്തിൽ തന്നെ ഡൽഹിയോട് തോറ്റു പുറത്തായി അവർ. അടുത്ത വർഷത്തെ കൊൽക്കത്ത ടൂർണമെന്റിലും കഥ ആവർത്തിച്ചു. യുണൈറ്റഡ് പ്രോവിൻസാണ് മടക്കമില്ലാത്ത അര ഡസൻ ഗോളുകൾക്ക് തിരുവിതാംകൂറിനെ തുരത്തിയത്. കേരളീയ സാന്നിധ്യം ഇല്ലാതെ പോയ അടുത്ത മൂന്ന് വർഷത്തിനുശേഷം കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ 1952-ൽ തിരുക്കൊച്ചി ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്നു. ആതിഥേയരായ ബാംഗ്ലൂരിനോട് 1-4 ന് തോൽക്കാനായിരുന്നു വിധിയെന്നുമാത്രം.

1947-ലെ കൊൽക്കത്ത നാഷണൽസിൽ തിരുവിതാംകൂർ തകർന്നു തരിപ്പണമായെങ്കിലും മലയാളികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. മദ്രാസ് ടീമിനെ നയിച്ചത് കൊല്ലംകാരൻ കെ.എൻ ഭാസ്‌കരൻ നായർ. അധികം വൈകാതെ കേരളീയ താരങ്ങൾ ദേശീയ ടീമിനും കളിച്ചുതുടങ്ങി. അധികവും മറുനാട്ടിൽ മികവ് തെളിയിച്ചവർ. കേരളത്തിൽ നിന്നുകൊണ്ട് ഇന്ത്യൻ കുപ്പായം നേടിയ ആദ്യതാരം ട്രാൻസ്‌പോർട്ടിന്റെ ബാക്ക് ആർ. ബാലകൃഷ്ണനായിരുന്നു. പ്രീഒളിമ്പിക്‌സിലും മെർദേക്കയിലും ഇന്ത്യയ്ക്ക് കളിച്ചു ബാലകൃഷ്ണൻ. ദേശീയ ടീമിലേക്കുള്ള മലയാളികളുടെ പ്രവാഹം തുടങ്ങിയിരുന്നതേയുള്ളൂ. നവംബർ അഞ്ചിന് ബംഗ്ലാദേശിൽ തുടങ്ങുന്ന സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഏഴ് മലയാളികളുണ്ടെന്നതാണ് പുതിയ വാർത്ത.

കാലം മാറുന്നു, കളിയും. കേരളം എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് ഡ്രിബിൾ ചെയ്ത് കുതിച്ചെത്തുന്നു കളിയോർമകൾ. ബൂട്ടിനോട് തോറ്റ് ഒരിക്കൽ സുല്ലിട്ടവർ, ബൂട്ടുകൊണ്ട് മൈതാനങ്ങളും ജനഹൃദയങ്ങളും കീഴടക്കിയ കഥ കൂടി ചേർന്നതാണല്ലോ ആ ഓർമ്മകൾ.