
ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ എറിക് ടെൻഹാഗ് രംഗത്ത്. കഴിഞ്ഞ ഏഴെട്ട് വർഷമായി റൊണാൾഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ടെൻഹാഗ് വ്യക്തമാക്കി.
'ഓരോ മുൻനിര ടീമും മികച്ച കളിക്കാരനെ ഉൾക്കൊള്ളണം. എന്നാൽ മികച്ച കളിക്കാരനും അതുപോലെ ടീമിന് വേണ്ടി വഴിമാറിക്കൊടുക്കണം. റൊണാൾഡോയുടെ കാര്യത്തിൽ അതായിരുന്നു പ്രശ്‌നം.'- ഇഎസ്പിഎനിൽ സംസാരിക്കവെ ടെൻ ഹാഗ് പറഞ്ഞു.
'കളിക്കാർ അദ്ദേഹത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിച്ചു, അവർ അദ്ദേഹത്തെ മാതൃകയായി കണ്ടു. അതിൽ യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകരുത്. അദ്ദേഹം തീർച്ചയായും ഒരു മികച്ച കളിക്കാരനാണ്, എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. എന്നാൽ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളിലായി അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. യുവന്റസ് കാലഘട്ടം മുതൽ കാര്യങ്ങൾ അവസാനിച്ചു.
റയൽ മാഡ്രിഡിന്റെ വലിയൊരു പ്രത്യേകത അതാണ്. ശരിയായ നിമിഷത്തിൽ കളിക്കാരോട് വിടപറയാൻ അവർക്ക് എപ്പോഴും അറിയാം. ഒരു കളിക്കാരന്റെ നിലവാരം താഴേക്ക് പോകുന്നത് അവർ തിരിച്ചറിയുന്നു. പുറംലോകത്തിന് അവർ ഇപ്പോഴും അവരുടെ ഔദ്യോഗിക നിലവാരത്തിലാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവരിൽ നിന്ന് പ്രകടനം വരാത്ത ആ നിമിഷത്തിൽ തന്നെ അവർ അവരോട് വിടപറയുന്നു'- ടെൻഹാഗ് പറഞ്ഞു.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ചുള്ള സമയത്ത് റൊണാൾഡോ പ്രൊഫഷണലിസമില്ലാത്ത പെരുമാറ്റം പുറത്തെടുത്തുവെന്ന് ടെൻഹാഗ് ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം 'ദി അത്‌ലറ്റിക്' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്നെ നിരാശപ്പെടുത്തിയതായി ടെൻഹാഗ് പറഞ്ഞിരുന്നത്.
'അവൻ ടീമിനെയും എന്നെയുമാണ് നിരാശപ്പെടുത്തിയത്, കാരണം ഞങ്ങൾ അവനെ മുൻനിർത്തിയാണ് പ്ലാൻ ചെയ്തത്. യുണൈറ്റഡിലേക്ക് വരുന്നതിന് മുൻപ് എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ പോർച്ചുഗലിലേക്ക് പോയിരുന്നു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാൽ ആ സമയത്ത്, ഒരു മാനേജർ എന്ന നിലയിൽ, ഞാൻ ഒരു യുക്തിസഹമായ തീരുമാനം എടുക്കേണ്ടിയിരുന്നു. അദ്ദേഹം ചില പരിശീലന സെഷനുകളെല്ലാം നഷ്ടപ്പെടുത്തി.' ടെൻഹാഗ് അന്ന് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ചുള്ള കാലത്ത് ടെൻഹാഗും റൊണാൾഡോയും തമ്മിൽ വലിയ തോതിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ റൊണാൾഡോയുടെ ആദ്യ വരവ് വലിയ വിജയമായിരുന്നെങ്കിലും, രണ്ടാം വരവ് അത്രകണ്ട് ഓർമ്മിക്കപ്പെടുന്നതായിരുന്നില്ല.
2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയാണ് ടെൻഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതല വഹിച്ചിരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനത്തെ തുടർന്ന് റൊണാൾഡോയെ ടെൻ ഹാഗ് ബെഞ്ചിലിരുത്തി. ഇതിൽ കുപിതനായ പോർച്ചുഗീസ് താരം ഒരു മത്സരത്തിനിടെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചു. ടോട്ടൻഹാം ഹോട്ട്‌സ്പറിനെതിരായ വിജയത്തിനിടയിൽ അദ്ദേഹം ഗ്രൗണ്ട് വിട്ട് പോകുകയും ചെയ്തു. ഇത് ടെൻഹാഗിനെ ചൊടിപ്പിക്കുകയും ഒരു മത്സരത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തുകയും ചെയ്തു.
Content Highlights: Erik ten Hag claims Cristiano Ronaldo has not been able to deliver over the last seven or eight years., Ten Hag criticized Ronaldo's preparation, training intensity, and team fit during their time at Manchester United., The former manager praised Real Madrid for knowing when to part ways with aging top players.
Published: 02 Nov 2026, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented