
കോഴിക്കോട്: രണ്ടരനൂറ്റാണ്ട് മുൻപ് െയെമനിൽനിന്ന് കച്ചവടക്കാരായി കൊയിലാണ്ടിക്കടുത്ത് പന്തലായനിയിൽ എത്തിയവരാണ് ബാഫഖി കുടുംബം. പിന്നീട് അവർ മലബാറിന്റെ കച്ചവടപ്രമുഖരായി മാറി. കേരളത്തിന്റെ രാഷ്ട്രീയ -മത നേതൃപദവികളിലുമെത്തി. കച്ചവടപാരമ്പര്യത്തിന്റെ തുടർച്ചയായതുകൊണ്ട് സയ്യിദ് അലി ബാഫഖി തങ്ങളും 1965-ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ മതപഠനം പൂർത്തിയാക്കിയശേഷം വ്യാപാര രംഗത്ത് സജീവമായിരുന്നു. അവിടെനിന്നാണ് മതസംഘടനാ നേതൃപദവിലേക്ക് എത്തുന്നതും കാന്തപുരം വിഭാഗത്തിന്റെ ഏറ്റവും സമുന്നതനായ നേതാവായി മാറുന്നതും.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് നേതൃപദവിയിലേക്ക് അലിബാഫഖി തങ്ങളെ കൊണ്ടുവന്നത്. സുന്നിയുവജന സംഘ(എസ്.വൈ.എസ്)ത്തിലൂടെ 1978മുതലാണ് അദ്ദേഹം സംഘടനാരംഗത്ത് സജീവമാവുന്നത്. പിന്നീട് സമസ്ത പിളർന്ന് മർക്കസ് രൂപവത്കരിക്കപ്പെട്ടപ്പോൾ അതിന്റെ വളർച്ചയുടെ ഓരോഘട്ടത്തിലും കാന്തപുരത്തിനൊപ്പം നിന്നു. അലിബാഫഖി തങ്ങളുടെ പിന്തുണ കാന്തപുരത്തിന് വലിയ എതിർപ്പുകൾക്കിടയിലും കരുത്തായി മാറി.
എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച അലി ബാഫഖി തങ്ങൾ മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റായിത്തന്നെയാണ് വിടപറഞ്ഞത്. അവസാന കാലഘട്ടംവരെ അദ്ദേഹം മർകസിന്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
മുസ്ലിംലീഗിന്റെയും സമസ്തയുടെയും സമുന്നതപദവികൾ വഹിച്ച മുസ്ലിം സമുദായത്തിന്റെ ആത്മീയനേതൃത്വമായിരുന്ന അബ്ദുറഹ്മാൻ ബാഫഖിതങ്ങൾ, ഉമ്മർ ബാഫഖിതങ്ങൾ എന്നീ രണ്ടു നേതാക്കളെ സംഭാവനചെയ്ത കൊയിലാണ്ടിയിലെ ബാഫഖി കുടുംബത്തിൽനിന്നാണ് അലിബാഫഖി തങ്ങളും വരുന്നത്. അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരുമകൻ കൂടിയാണ് അലി ബാഫഖി തങ്ങൾ.
മുസ്ലിം സമുദായത്തിനായി സമർപ്പിച്ച ജീവിതം -മുഖ്യമന്ത്രി
കേരളത്തിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകൾക്ക് വലിയ നഷ്ടമാണ് അലി ബാഫഖി തങ്ങളുടെ നിര്യാണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച മഹനീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സമസ്തയിലൂടെയും മർകസിലൂടെയും കേരളത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം ആത്മീയ, വിദ്യാഭ്യാസമേഖലകൾക്ക് തീരാനഷ്ടമാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സൗമ്യതയും ലാളിത്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച പണ്ഡിതതേജസ്സായിരുന്നു. കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിന്റെ കാരണവരെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.
'ലാളിത്യം നിറഞ്ഞ പണ്ഡിതൻ'
സുന്നി സംഘടനാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള യാത്രകളിലാണ് സയ്യിദ് അലി ബാഫഖി തങ്ങളെ കണ്ടുമുട്ടുന്നത്. പ്രമുഖ പണ്ഡിതരിൽനിന്നും ഉന്നത കലാലയങ്ങളിൽനിന്നും മികവോടെതന്നെ പഠനം പൂർത്തിയാക്കിയെങ്കിലും ഉപ്പയുടെയും ഉപ്പാപ്പയുടെയും മാർഗം പിന്തുടർന്ന് വസ്ത്രവ്യാപാരരംഗത്ത് തങ്ങൾ സജീവമായ സമയം. ആരെയും ആകർഷിപ്പിക്കുന്ന സ്വഭാവത്തിന്റെയും വിനയത്തിന്റെയുമപ്പുറം പാണ്ഡിത്യവും പാരമ്പര്യവും ആവോളമുള്ള പ്രതിഭാശാലിയാണ് തങ്ങളെന്ന് ബോധ്യപ്പെടുന്നത് കൊയിലാണ്ടിയിലേക്കുള്ള നിരന്തരയാത്രകളിലാണ്. പലതവണ കണ്ടുംപറഞ്ഞും അനുഭവിച്ചുമുള്ള ആ സൗഹൃദത്തെത്തുടർന്നാണ് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വേദിയിൽ തങ്ങൾ ചുവടുവെച്ചുതുടങ്ങുന്നത്.
സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസബോർഡ് അംഗത്വമാണ് ആദ്യമായി ലഭിച്ച ഔദ്യോഗിക ഉത്തരവാദിത്വം. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളാണ് അന്ന് ട്രഷറർ. അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് അലി ബാഫഖി തങ്ങൾ നിയോഗിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നിരവധി സ്ഥാനങ്ങളും ചുമതലകളും തേടിയെത്തി.
-കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
Published: 03 Nov 2026, 08:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented